ഓണത്തിനിടയിൽ കള്ളനും പോലീസും: ഇ ഡി കേസ് പ്രതികൾക്കൊപ്പം മ്യൂസിയം സ്റ്റേഷനിൽ ഓണാഘോഷം; ഇൻസ്പെക്ടർക്ക് പണി കിട്ടി


ഷീബ വിജയൻ

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പോലീസിന് കടുത്ത നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ തുടർനടപടികൾ.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടേണ്ട പ്രതികളാണ് പോലീസുകാർക്കൊപ്പം ഓണാഘോഷത്തിലും പങ്കെടുത്തത്. കോർപറേഷൻ മുൻ കൗൺസിലറും സിപിഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികളാണ് ആഘോഷങ്ങളിൽ പങ്കാളികളായത്. രാവിലെ സ്റ്റേഷനിലെത്തി ഒപ്പുവെച്ച ശേഷമായിരുന്നു ഇവർ ആഘോഷത്തിലേക്ക് കടന്നത്.

ഓണാഘോഷത്തിനായി പോലീസുകാർ ധരിച്ച അതേ നിറത്തിലുള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് ബിനുവും എത്തിയത്. നഗരത്തിലെ കടയിൽനിന്ന് പോലീസുകാർക്കായി വസ്ത്രങ്ങൾ വാങ്ങുന്നതിനിടെ ബിനുവിനായി അധികമായി ഷർട്ട് വാങ്ങിയെന്നും, ഇത് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ കൈമാറിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സ്റ്റേഷൻമുറ്റത്ത് ഒരുക്കിയ ഊഞ്ഞാലിൽ ആടിയും ചെണ്ടകൊട്ടിയും ബിനു ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി "ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെന്ത് ഓണം" എന്ന കുറിപ്പോടെ സാമൂഹമാധ്യങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

പ്രതികൾ ആഘോഷത്തിൽ പങ്കെടുത്തത് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ അറിവോടെയാണെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന തുടരുകയാണ്.

ഇ ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു പ്രശാന്ത്. കഴിഞ്ഞദിവസം ഇദ്ദേഹത്തെ തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയാണ് ഈ വിവാദ ആഘോഷം നടന്നത്.

മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലായിരുന്ന ബിനു ഉൾപ്പെടെയുള്ള പ്രതികൾ അടുത്തകാലത്താണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കവെയാണ് ഇവർ പോലീസ് സ്റ്റേഷനിൽ തന്നെ ഓണാഘോഷത്തിൽ പങ്കാളികളായത്.

article-image

adsddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed