മെസി വരുമെന്ന് പറഞ്ഞ് പിരിച്ചത് 206 കോടി! പണം സ്പോൺസറുടേതല്ലെന്ന് ജിഎസ്ടി; വൻ തട്ടിപ്പെന്ന് സംശയം
ഷീബ വിജയൻ
തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ഏറുന്നു. സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയെന്നും അക്കൗണ്ടിലെത്തിയ പണം സ്പോൺസറുടേതല്ലെന്നും ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 206 കോടിയിലേറെ രൂപ സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയതായാണ് കണ്ടെത്തൽ. എന്നാൽ ഈ തുക വായ്പയായി ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകളോ നികുതി രേഖകളോ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അക്കൗണ്ടിലെത്തിയ പണം അധികം വൈകാതെ തന്നെ മറ്റിടങ്ങളിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്പോൺസറുടെ ബാങ്ക് അക്കൗണ്ട് ഇടനില അക്കൗണ്ടായി ഉപയോഗിച്ചോയെന്ന സംശയവും ബലപ്പെടുന്നു. വൻതുകയുടെ വരവും ചെലവും സംബന്ധിച്ച് വ്യക്തമായ രേഖകളില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു.
പണത്തിന്റെ ഉറവിടം, കൈമാറ്റത്തിന്റെ സ്വഭാവം, ഇടപാടുകളിൽ നികുതി ബാധ്യത ഉണ്ടായിരുന്നോ എന്നിവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട് ഫെമ ഉൾപ്പെടെയുള്ള നിയമങ്ങളുടെ ലംഘനമുണ്ടായോ എന്നും പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ജിഎസ്ടി പരിധിക്ക് പുറത്തുള്ള സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന ആവശ്യമായി വരാമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. നേരത്തെ തന്നെ മെസി പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വിദേശത്തേക്ക് കൈമാറിയ തുകയും വിവിധ അന്വേഷണങ്ങളുടെ പരിധിയിൽ വന്നിരുന്നു.
XZxzxzxz

