ഓക്സ്ഫഡ് വാക്സിൻ: ഡിസംബറിൽ അനുമതി ലഭിച്ചേക്കും

ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് സ്വീഡിഷ് വാക്സിൻ കന്പനിയായ ആസ്ട്രസെനക്കയും ചേർന്നു വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ഡിസംബറിൽ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി അനുമതി ലഭിച്ചാൽ ആറു മാസത്തിനകം വിതരണം പദ്ധതി ആരംഭിക്കാമെന്നുമാണ് റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്കായി കോടിക്കണക്കിന് ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് ഓക്സ്ഫഡ് പദ്ധതിയിട്ടിരിക്കുന്നത്.
വാക്സിൻ പരീക്ഷണത്തിന്‍റെ അന്തിമഫലം വർഷാവസാനത്തോടെ പുറത്തു വരുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. വാക്സിൻ കുത്തിവെക്കുന്ന 50 ശതമാനം പേരിലെങ്കിലും പ്രതിരോധ ശേഷിയുണ്ടായാൽ വാക്സിൻ വിജയമാണെന്നാണ് കണക്കുകൂട്ടൽ. അനുമതി ലഭിച്ചുകഴിഞ്ഞാൽ ബ്രിട്ടീഷ് സർക്കാരിന്‍റെ കീഴിലുള്ള നാഷണൽ ഹെൽത്ത് സർവീസിനായിരിക്കും വാക്സിൻ വിതരണത്തിനുള്ള ചുമതല.