ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ നിർദേശം; പക്ഷെ ഐപിഎലിന്റെ സ്‌പോൺസർ ചൈനീസ് കന്പനിയെന്ന്- ഒമർ അബ്ദുള്ള
ശ്രീനഗർ: ഗൽവാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം രാജ്യത്ത് തുടരുന്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ)ടൂർണമെന്റിന്റെ സ്പോൺസർമാരിൽ ചൈനയിൽ നിന്നുള്ള കന്പനികളെയും നിലനിർത്താനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി നാഷണൽ കോൺഫറൻസ് നേതാവും കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള രംഗത്ത്.
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ജനങ്ങളോട് നിർദേശിച്ചിരിക്കുന്പോഴും ചൈനീസ് കന്പനികൾ ഐപിഎല്ലിന്റെ മുഖ്യസ്പോൺസർമാരായി തുടരും. ചൈനയുടെ പണം/നിക്ഷേപം/സ്പോൺസർഷിപ്പ്/പരസ്യം എന്നിവ കൈകാര്യം ചെയ്യുന്ന വിധത്തെ കുറിച്ച് ആശയക്കുഴപ്പത്തിലായ നമ്മെ ചൈന അപമാനിക്കുന്നതിൽ അതിശയിക്കേണ്ടതില്ല, ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.
സപ്റ്റംബർ 19 മുതൽ നവംബർ 10വരെ യുഎഇയിൽ നടക്കുന്ന ടൂർണമെന്റിൽനേരത്തെയുള്ള സ്പോൺസർമാരെ നിലനിർത്താനുള്ള ഐപിഎൽ ഭരണസമിതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഒമർ അബ്ദുള്ള. ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമെന്നാലോചിക്കാതെ ചൈനീസ് കന്പനികൾ നിർമിച്ച ടെലിവിഷനുകൾ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ വിഡ്ഢികളെ കുറിച്ച് തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൈനീസ് കന്പനികളുടെ സ്പോൺസർഷിപ്പും പരസ്യവുമില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാവുമോ എന്ന കാര്യത്തിൽ നമുക്കിപ്പോഴും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ചൈനയ്ക്ക് ഇപ്പോൾ കൃത്യമായി ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



