രാഹുലിന് പകരക്കാരന്‍ ഒരു യുവനേതാവ് വരട്ടേ, ആ ഊര്‍ജസ്വലത ഇന്ത്യയെ പിടിച്ചുകുലുക്കട്ടെ: അമരീന്ദര്‍ സിംഗ്


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയുടെ പകരക്കാരനായി ഒരു യുവനേതാവ് വരട്ടേയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും രാഹുലിന് പകരമായി ഊര്‍ജ്ജസ്വലനായ ഒരു നേതാവ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നും അമരീന്ദര്‍ സിംഗ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാഹുലിന് പകരമായി വരുന്നത് ഊര്‍ജസ്വലനായ ഒരു നേതാവായിരിക്കണം. രാജ്യത്തെ മുഴുവന്‍ യുവത്വത്തേയും പ്രതിനിധീകരിക്കാനും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കി മുന്നോട്ട് കൊണ്ടു പോകാനും അടുത്ത അധ്യക്ഷൻ സാധിക്കണം. അങ്ങനെയൊരാളെ തന്നെ രാഹുലിന് പകരക്കാരനായി കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ശ്രമിക്കണമെന്നും അമരീന്ദര്‍ സിംഗ് പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ രാഹുലിന്റെ രാജി പിന്‍വലിപ്പിക്കാന്‍ പലവിധ ശ്രമങ്ങളും ഉണ്ടായെങ്കിലും അതൊന്നും വിജയിച്ചില്ല. തുടര്‍ന്ന് എന്നാല്‍ രണ്ട് ദിവസം മുന്‍പ് പരസ്യമായി രാഹുല്‍ ഗാന്ധി തന്റെ രാജിക്കത്ത് പുറത്ത് വിട്ടു. ഇതോടെയാണ് പുതിയ അധ്യക്ഷനായി കോണ്‍ഗ്രസ് ആലോചന സജീവമാക്കിയത്. 

നിലവിലെ അധ്യക്ഷന്‍ രാജിവച്ച സ്ഥിതിക്ക് പ്രവര്‍ത്തകസമിതിയിലെ മുതിര്‍ന്ന അംഗത്തിനായിരിക്കും അധ്യക്ഷന്റെ താല്‍കാലിക ചുമതല എന്നാണ് നേതാക്കള്‍ പറയുന്നത്. മോത്തിലാല്‍ വോറയാണ് പ്രവര്‍ത്തക സമിതിയിലെ പ്രായം കൂടിയ അംഗം. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദാണ് പദവിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ്. സീനിയര്‍ നേതാവ് എന്ന വിശേഷണത്തിലൂടെ ഇവരില്‍ ആരെയാണ് ഉദ്ദേശിച്ചത് എന്ന കാര്യം വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed