'ചീപ്പ് പൊളിറ്റിക്സ് ഇറക്കണ്ട!': രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച ഗിരിരാജ് സിങ്ങിന് കോൺഗ്രസിന്റെ പ്രഹരം!
ഷീബ വിജയൻ
ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അവധിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബോട്ടിൽ ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പം രാഹുൽ ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയ എക്സിൽ പങ്കുവെച്ചാണ് മന്ത്രി രംഗത്തെത്തിയത്.
"രാഹുൽ ജീ, ഈ ചിത്രം എവിടെ നിന്നുള്ളതാണ്, എപ്പോഴാണ് എടുത്തത്, ഒപ്പമുള്ളത് ആരാണ്? എനിക്ക് അറിയാൻ ആകാംക്ഷയുണ്ട്!" എന്നായിരുന്നു ഗിരിരാജ് സിങ്ങിന്‍റെ ചോദ്യം. ശിരോവസ്ത്രവും സൺഗ്ലാസും ധരിച്ച ഒരു സ്ത്രീക്കും ആൺകുട്ടിക്കുമൊപ്പം രാഹുൽ ഇരിക്കുന്നതാണ് കേന്ദ്രമന്ത്രി പങ്കുവെച്ച ചിത്രത്തിലുള്ളത്.
എന്നാൽ ഗിരിരാജ് സിങ്ങിന്‍റെ ആരോപണത്തിന് കടുത്ത ഭാഷയിലാണ് കോൺഗ്രസ് മറുപടി നൽകിയത്. ചിത്രത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ളത് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തിന്‍റെ ഭാര്യയും മകനുമാണെന്നും കൂട്ടുകാരൻ വശത്ത് നിൽക്കുന്ന സമയത്ത് എടുത്ത ചിത്രമാണിതെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് വ്യക്തമാക്കി.
സിങ്ങിന്റെ ചോദ്യങ്ങളിലെ ദുരുദ്ദേശം ചൂണ്ടിക്കാട്ടിയ സുപ്രിയ, "ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ച് കണ്ടാൽ നീചമായ ചിന്തകൾ മാത്രം വരുന്ന മനസുള്ള ആളാണ് താങ്കൾ" എന്ന് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സ്വന്തം വ്യക്തിപരമായ നിരാശയും അസ്വസ്ഥതകളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും അവര്‍ എക്സിൽ കുറിച്ചു.
അതേസമയം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) സോഷ്യൽ മീഡിയ ഇൻചാർജ് ആയ അവി ദണ്ഡിയ രാഹുലിന്‍റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി. "ടെക്സസിലെ ലേക്ക് റേ റോബർട്ട്സിൽ നിന്നാണ് ഈ ഫോട്ടോ എടുത്തത്... ഗിരിരാജ് സിങ്, ഇത് സത്യമാണോ അല്ലയോ എന്ന് നിങ്ങൾക്ക് സ്വയം കണ്ടെത്താനാകും" ദണ്ഡിയ കുറിച്ചു. "വാർദ്ധക്യത്തിൽ ജിജ്ഞാസ നല്ല കാര്യമല്ല... ഒരു നല്ല ഡോക്ടറെ സമീപിക്കുക'' മുൻ യൂത്ത് കോൺഗ്രസ് മേധാവി ശ്രീനിവാസ് ബി.വി പരിഹസിച്ചു.
വിദേശയാത്രകളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ആക്രമണം ശക്തമാക്കുന്ന സമയത്താണ് ചിത്രം പുറത്തുവിടുന്നത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രസ് എംപി ഇന്ത്യയിൽ തിരിച്ചെത്തിയത്.
"ജൂൺ 22-നും ജൂലൈ 13-നും ഇടയിലുള്ള രാഹുൽ ഗാന്ധിയുടെ വിദേശയാത്ര ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അദ്ദേഹം എവിടെയാണ് പോയത്? ആരെയാണ് കണ്ടത്? യാത്രയും താമസവും സ്പോൺസർ ചെയ്തത് ആരാണ്?" എന്ന് കഴിഞ്ഞ മാസം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചിരുന്നു.
dddd∂ƒ≈

