രാജി നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി; പുതിയ അധ്യക്ഷനായി ഷിന്‍ഡെ പരിഗണനയില്‍
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച അനൗപചാരിക ചര്‍ച്ചകളില്‍ സുശീൽ കുമാർ ഷിൻഡ പരിഗണനയില്‍. ബി.ജെ.പി യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ മറികടക്കാൻ അടിസ്ഥാന വർഗ്ഗത്തെ കൂടെ കൂട്ടിയുള്ള നേതൃമാറ്റമാണ് പാര്‍ട്ടിയുടെ ആലോചനയിലുള്ളത്. യുവപ്രാതിനിധ്യം ഉറപ്പാക്കി എ.ഐ.സി.സി.ക്ക് വര്‍ക്കിങ് പ്രസിഡണ്ടുമാരെയും നിയമിക്കും.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ പുതിയ അധ്യക്ഷനായി അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചത്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗഹ്ലോട്ട് എന്നീ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിൽ മുന്‍തൂക്കം ദളിത് ദോര്‍ വിഭാഗത്തില്‍ നിന്നുള്ള ഷിന്‍ഡെയാണ്.
1971 മുതല്‍ പാര്‍ട്ടിയോടൊപ്പം പല പ്രതിസന്ധി ഘട്ടങ്ങളിലും ഉണ്ടായിരുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവ്, എം.എല്‍.എ, സംസ്ഥാന മന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിങ്ങനെ പരിചയ സമ്പന്നന്‍, രാഷ്ട്രീയ പക്വത, വിവാദരഹിത പ്രതിച്ഛായ എന്നിവയാണ് ഷിൻഡേക്ക് അനുകൂലമായ ഘടകങ്ങള്‍. ദളിത് നേതാവ് പാര്‍ട്ടി തലപ്പത്തേക്ക് വരുന്നത് വഴി ബി.ജെ.പിയുടെ വെല്ലുവിളികളെ നേരിടാനാകുമെന്നാണ് കണക്കുകൂട്ടൽ.
യുവ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വര്‍ക്കിങ് പ്രസിഡന്റുമാരായി പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, സുഷ്മിത ദേവ് എന്നിവരുടെ പേരും ഒപ്പം കേരളത്തിൽ നിന്ന് ഒരു നേതാവ് എന്നിങ്ങനെയും പരിഗണനയിലുണ്ട്.
യുവ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വര്‍ക്കിങ് പ്രസിഡന്റുമാരായി പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, സുഷ്മിത ദേവ് എന്നിവരുടെ പേരും ഒപ്പം കേരളത്തിൽ നിന്ന് ഒരു നേതാവ് എന്നിങ്ങനെയും പരിഗണനയിലുണ്ട്.

