ഇന്ത്യയിൽ മതസ്വാതന്ത്ര്യമില്ലെന്ന യുഎസ് റിപ്പോർട്ടിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്
ന്യൂഡൽഹി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും മതസ്വാതന്ത്ര്യമില്ലെന്നുമുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്. ഇന്ത്യയിലെ ഭരണഘടന ന്യൂനപക്ഷങ്ങൾക്കടക്കം എല്ലാവർക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് വിദേശ രാജ്യം നൽകുന്ന വിശ്വാസ്യത ആവശ്യമില്ലെന്നും. ഇന്ത്യ അതിന്‍റെ മതേതര പാരന്പര്യത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഹിഷ്ണുതയും വൈവിധ്യ ജനവിഭാഗത്തെ ഉൾക്കൊള്ളുന്നതുമായ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ ഭരണഘടന എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയ മോദി സർക്കാറിനെ അടിസ്ഥാനമില്ലാതെ വിമർശിക്കുന്നതാണ് റിപ്പോർട്ടെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് 2018 എന്ന പേരിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കെതിരെ രൂക്ഷവിമർശനമുള്ളത്.
ന്യൂനപക്ഷങ്ങൾക്കെതിരെ ഗോസംരക്ഷകരുടെ ആക്രമണവും ആൾകൂട്ട ആക്രമണവും റിപ്പോർട്ട് പരാമർശിക്കുന്നു. എന്നാൽ, റിപ്പോർട്ടിലെ ആരോപണങ്ങളെല്ലാം കേന്ദ്ര സർക്കാർ തള്ളി. റിപ്പോർട്ടിൽ ആരോപിക്കുന്ന സംഭവങ്ങളിൽ ഭൂരിഭാഗവും ചില കുറ്റവാസന മനോഭാവമുള്ളവർ പ്രാദേശികമായി ചെയ്യുന്നതാണെന്ന് ബി.ജെ.പി നേതാവ് അനിൽ ബലൂനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വതന്ത്ര്യ നീതിന്യായ വ്യവസ്ഥയും ആഴത്തിലുള്ള ജനാധിപത്യവുമാണ് ഇന്ത്യയിലുള്ളതെന്നും വസ്തുതകൾക്ക് നിരക്കാത്തതാണ് യുഎസ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവർക്കും വികസനം’ എന്നതാണ് മോദി സർക്കാർ മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി.

