ഭീകരർക്കു സാന്പത്തിക സഹായം: പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്


ന്യൂഡൽഹി: ഭീകരർക്കുള്ള സാന്പത്തിക സഹായം തടയുന്നതിനുള്ള ശക്തമായ നടപടികൾ പാക്കിസ്ഥാൻ മൂന്ന് മാസത്തിനകം കൈക്കൊള്ളണമെന്ന് ഇന്ത്യ. രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എടി.എഫ്) ഭീകരർക്കുള്ള സാന്പത്തിക സഹായം തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു എന്ന് താക്കീതു ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. 

യു.എസിലെ ഫ്ളോറിഡയിൽ നടന്ന എഫ്.എ.ടി.എഫ് യോഗമാണ് പാക്കിസ്ഥാനെ താക്കീതു ചെയ്തത്. സുസ്ഥിരമായ ആഗോള സന്പദ് വ്യവസ്ഥ ഉറപ്പാക്കാനും ഭീകരതയ്ക്കെതിരായ സാന്പത്തിക സഹായം തടയൽ, കള്ളപ്പണം തടയൽ, സംഹാരശേഷിയുള്ള ആയുധങ്ങളില്ലാതാക്കൽ എന്നിവയ്ക്കും വേണ്ടി 1989ലാണ് എഫ്എടിഎഫ് രൂപീകരിച്ചത്.

കഴിഞ്ഞ ജൂണിൽ പാക്കിസ്ഥാനെ ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഒക്ടോബറിനകം പാക്കിസ്ഥാൻ നടപടികളെടുത്തില്ലെങ്കിൽ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകൾ പാക്കിസ്ഥാനിൽ നിന്ന് പണം സമാഹരിക്കുന്നതായി ഫെബ്രുവരിയിൽ ചേർന്ന എഫ്.എ.ടി.എഫ് യോഗം വിലയിരുത്തിയിരുന്നു. മസൂദ് അസ്ഹർ, ഹാഫിസ് സയീദ് തുടങ്ങിയ കൊടുംഭീകരരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും ഭീകര സംഘടനകളുടെ സാന്പത്തിക സ്രോതസുകളുമായി ഭീകരർക്കുള്ള ബന്ധം മുറിച്ചു കളയാനും പാക്കിസ്ഥാൻ ഒന്നും ചെയ്തിട്ടില്ലെന്ന് എഫ്.എ.ടി.എഫ് കുറ്റപ്പെടുത്തുന്നു. എഫ്.എ.ടി.എഫ് ആവശ്യപ്പെട്ട കാര്യങ്ങൾ പാക്കിസ്ഥാൻ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ്കുമാർ ആവശ്യപ്പെട്ടു. 

പാക്കിസ്ഥാനെ ഇപ്പോൾത്തന്നെ കരിന്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് എഫ്എടിഎഫ് അധ്യക്ഷ സ്ഥാനത്തുള്ള യുഎസും ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും ചൈന, തുർക്കി, മലേഷ്യ എന്നിവയുടെ ഇടപെടലാണ് ഒക്ടോബർ വരെ സമയം നീട്ടിക്കൊടുക്കുന്നതിനു കാരണമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed