2029-ഓടെ 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും: അമിത് ഷാ
ഷീബ വിജയൻ
മുംബൈ: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി എൻ.ഡി.എ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് 30 ദിവസം നീളുന്ന 'സേവാ സങ്കൽപ് അഭിയാൻ' പരിപാടികൾ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ യു.സി.സി നടപ്പിലാക്കിയിട്ടുണ്ടെന്നും മധ്യപ്രദേശിൽ കരട് തയ്യാറാക്കൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എൻ.ഡി.എ ഭരണത്തിലുള്ളത്.
ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും നരേന്ദ്ര മോദി 25 വർഷത്തെ പൊതുസേവനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി "സേവാ സങ്കൽപ് അഭിയാൻ" സംഘടിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എൻ.ഡി.എ സഖ്യകക്ഷികളും സന്നദ്ധ സംഘടനകളും ചേർന്നാണ് കാമ്പെയ്‌ൻ നടത്തുന്നത്.
adsdsfd

