വ്യോമസേനാ വിമാനാപകടം; ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വ്യോമസേന വിമാനം തകർന്നുവീണ് മരിച്ചവരിൽ ആറ് പേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു. 12,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ജോർഹാട്ടിലെ വ്യോമസേന ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നും വ്യോമസേന അറിയിച്ചു.
മൂന്നു മലയാളികൾ ഉൾപ്പെടെ 13 ഉദ്യോഗസ്ഥരാണ് വിമാനാപകടത്തിൽ മരിച്ചത്. വ്യോമസേനാ വിംഗ് കമാൻഡർ ജി എം ചാൾസ്, സ്ക്വാഡ്രൻ ലീഡർ എച്ച് വിനോദ്, ഫ്ളൈറ്റ് ലെഫ്റ്റനന്റുമാരായ ആർ ഥാപ്പ, എ തൻവർ, എസ് മൊഹന്തി, എം.കെ ഗാർഗ്, വാറന്റ് ഓഫീസർ കെ.കെ മിശ്ര, സർജെന്റ് അനൂപ് കുമാർ, കോർപറൽ ഷെറിൻ, എൽ.എ.സിമാരായ എസ് .കെ സിങ്, പങ്കജ്, എൻ.സി(ഇ)മാരായ പുതാലി, രാജേഷ് കുമാർ എന്നിവരാണ് മരിച്ചവർ. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് വിനോദ്. അനൂപ് കുമാർ കൊല്ലം അഞ്ചൽ സ്വദേശിയും ഷെറിൻ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമാണ്. അസമിലെ ജോർഹാട്ടിൽനിന്ന് മെച്ചൂക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് വ്യോമസേനയുടെ എ.എൻ−32 വിമാനം കാണാതായത്. തുടർന്ന് എം.ഐ−17 ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു.

