നയപ്രഖ്യാപനത്തിൽ‍ രാഷ്ട്രപതി: തെരഞ്ഞെടുപ്പുകൾ‍ ഒരുമിച്ചാക്കേണ്ടത് കാലത്തിന്‍റെ ആവശ്യം;അനധികൃത കുടിയേറ്റം പ്രധാന വെല്ലുവിളി


ന്യൂഡൽഹി: നരേന്ദ്ര മോദി സർ‍ക്കാറിന്റെ രണ്ടാമൂഴം സാന്പത്തികമായും സാമൂഹികമായും ഇന്ത്യയെ ലോകത്തെ മൂന്ന് വന്‍ശക്തികളിലൊന്നായി മാറ്റിയെടുക്കുന്നതുമായിരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടാം മോദി സർ‍ക്കാരിന്‍റെ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ബാലാക്കോട്ടിൽ‍ നടന്ന സർ‍ജിക്കൽ‍ സ്‌ട്രൈക്കിനെ പ്രശംസിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ‍ ഏകീകരിക്കുന്നത് വികസനത്തെ ത്വരിതപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ദേശീയ പൗരത്വ രജിസ്റ്റർ‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിർ‍ത്തിയിൽ‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ‍ പറയുന്നു.

ശ്രീനാരായണ ഗുരുവിന്റെ അധ്യാപനത്തിൽ‍ നിന്നും എല്ലാവരെയും ഒരുപോലെ ഉൾ‍ക്കൊണ്ട് മുന്നോട്ടു പോകുന്ന മാതൃകാരാജ്യമായിരിക്കും ഇന്ത്യയെന്ന് നയപ്രഖ്യാപനത്തിൽ‍ രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്ത് ഇപ്പോൾ‍ സമാപിച്ച തെരഞ്ഞെടുപ്പ് ജനപങ്കാളിത്തം കൊണ്ടും വനിതകളുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമാണ്. സ്തുത്യർ‍ഹമായ രീതിയിൽ‍ തെരഞ്ഞെടുപ്പ് നടത്തിയ കമ്മീഷനെ പ്രശംസിച്ചു കൊണ്ട് ആരംഭിച്ച രാഷ്ട്രപതിയുടെ പ്രസംഗം മഹാത്മാഗാന്ധിയുടെ 150ാം ജന്‍മവാർ‍ഷികം ലോകമെങ്ങും ആഘോഷിക്കാന്‍ തയാറെടുക്കുന്നത് ഇരുസഭകളിലെയും അംഗങ്ങളെ ഓർ‍മ്മിപ്പിച്ചു. ഗാന്ധിജിയുടെ വാക്കുകൾ‍ ഉൾ‍ക്കൊണ്ട് രാജ്യത്തെ അവസാനത്തെ ദരിദ്രന്റെയും പ്രതീക്ഷക്കൊത്തുയരാൻ ഓരോ പാർ‍ലമെന്റംഗങ്ങളും തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

2022ഓടെ എല്ലാവർ‍ക്കും വീട്, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ‍ എന്നിവ തന്റെ ഗവൺ‍മെന്റ് ഉറപ്പു വരുത്തും. ഇന്ത്യയുടെ സുരക്ഷക്ക് പ്രാമുഖ്യം നൽ‍കും. രാജ്യത്തെ സ്ത്രിസമത്വം ഉറപ്പാക്കാൻ‍ മുത്തലാഖ് പോലുള്ള അനാചാരങ്ങൾ‍ നിരോധിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ‍ ലോകം ഇന്ത്യയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഐക്യരാഷട്രസഭയുടെ നടപടി. 

ഗംഗശുചീകരണം മാതൃകയാക്കി കാവേരി, പെരിയാർ‍, മഹാനദി, നർ‍മ്മദ,ഗോദാവരി എന്നീ നദികളും മാലിന്യമുക്തമാക്കാന്‍ സർ‍ക്കാർ‍ പദ്ധതി നടപ്പാക്കും. രാജ്യസുരക്ഷയ്ക്കായി മിന്നൽ‍ ആക്രമണം പോലെയുള്ള നടപടികൾ‍ ഇനിയും സ്വീകരിക്കുമെന്നും ഇന്ത്യയെ ആക്രമിക്കുന്നവർ‍ അതിനുള്ള വില കൊടുക്കേണ്ടി വരുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ‍ പറയുന്നു. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മിന്നൽ‍ ആക്രമണത്തെക്കുറിച്ചും മസൂദ്ദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെക്കുറിച്ചും പരാമർ‍ശമുണ്ടായപ്പോൾ‍ വലിയ ഹർ‍ഷാരവത്തോടെയാണ് ബിജെപി എംപിമാർ‍ അതിനെ സ്വീകരിച്ചത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed