'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് മോദി
രാജസ്ഥാന്‍: തിരഞ്ഞെടുപ്പ് റാലികളില്‍ താന്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവ് ഇതുസംബന്ധിച്ച ഫത്വ പുറപ്പെടുവിച്ചുവെന്നും രാഹുല്‍ഗാന്ധിയെ ലക്ഷ്യംവച്ച് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. പലതവണ ഭാരത് മാതാ കീ ജയ് വിളിച്ചശേഷമാണ് അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. രാജ്യത്തെ യുവാക്കള്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് എന്ത് അധികാരം. അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തുന്ന സൈനികര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണിത്. കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ ജനങ്ങള്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തടയുകയാണെന്ന് മോദി ആരോപിച്ചു. പകരം സോണിയാ ഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
