750 കിലോ ഉള്ളിയുടെ വിലയായ 1,064 രൂപ പ്രധാനമന്ത്രിക്ക് അയച്ച് കർഷകൻ

മുംബൈ : തന്റെ കൃഷിയിടത്തിൽ വിളയിച്ച ഉള്ളിക്കു കിട്ടിയതു കിലോയ്ക്ക് ഒരു രൂപ. വിലപേശലിനൊടുവിൽ കിലോയ്ക്ക് 40 പൈസ കൂടി അധികം കിട്ടിയതോടെ 750 കിലോ വിറ്റപ്പോൾ ലഭിച്ചത് 1,064 രൂപ മാത്രം. ഇതോടെ കർഷകൻ കിട്ടിയ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാണു തന്റെ പ്രതിഷേധമറിയിച്ചത്.
നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സഞ്ജയ് സാഥെ എന്ന കർഷകന്റേതാണ് അസാധാരണ പ്രതിഷേധം. 750 കിലോ ഉള്ളിയാണ് ഈ വിളവെടുപ്പു കാലത്ത് ഉത്പാദിപ്പിച്ചത്. നിഫാദിലെ മൊത്തവ്യാപാര ചന്തയിൽ വിൽക്കാൻ ചെന്നപ്പോൾ കിലോയ്ക്കു ഒരു രൂപയാണു വാഗ്ദാനം ലഭിച്ചത്. വിലപേശലിനൊടുവിൽ കിലോയ്ക്ക് 1.40 രൂപ എന്ന നിരക്കിലാണ് ഉള്ളി വിറ്റതെന്ന് സാഥെ പറഞ്ഞു.
പ്രതിഷേധ സൂചകമായാണ് 1,064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. മണിഓർഡർ അയയ്ക്കുന്നതിന് 54 രൂപ പിന്നെയും ചെലവായി. കർഷകരോടു സർക്കാർ കൈകൊണ്ട ക്രൂരമായ സമീപനത്തിൽ കടുത്ത അമർഷമുണ്ടെന്നും സാഥെ വ്യക്തമാക്കി.