രണ്ടാമൂഴം: തിരക്കഥ ഉപയോഗിക്കാനാകില്ല

കോഴിക്കോട്: ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി.വാസുദേവൻ നായർ നൽകിയ ഹർജിയിൽ കീഴ്‍ക്കോടതിയുടെ തുടർ നടപടികൾക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കേസിൽ മധ്യസ്ഥനെ (ആർബിട്രേറ്റർ) നിയോഗിക്കണമെന്ന സംവിധായകൻ വി.എ.ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
ഇതിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുൻസിഫ് കോടതിയുടെ തീരുമാനം നിലനിൽക്കും. 3 വർഷത്തെ കരാർ കാലാവധി. കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാത്തതിനാൽ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണു കേസ്. നിർമാണക്കമ്പനിക്കും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ഒക്ടോബർ 10ന് ആണ് എംടി കോടതിയെ സമീപിച്ചത്.
പരാതിയിൽ ശ്രീകുമാറിനും നിർമാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കി ഇൻജംക്‌ഷൻ ഉത്തരവും പുറപ്പെടുവിച്ചു.