വനിതാ മതില്‍ പൊളിക്കുമെന്നത് സ്ത്രീവിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാമതിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയ നവോത്ഥാന സംഘടനകളെയും നേതാക്കളെയും എടുക്കാച്ചരക്കെന്ന് അടച്ചാക്ഷേപിക്കുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി. പ്രതിപക്ഷ നേതാവിന്‍റെ പദവിയ്ക്ക് നിരക്കാത്ത പദപ്രയോഗമാണ് ചെന്നിത്തല നടത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എടുക്കാചരക്കുകളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നായിരുന്നു യോഗത്തിനെതിരെ ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍ ഇതിലൂടെ പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നവോത്ഥാന പൈതൃകമുള്ള സംഘടനകളോടും നേതാക്കളോടും പുച്ഛം വച്ച് പുലര്‍ത്തുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
കോണ്‍ഗ്രസില്‍തന്നെയുള്ള മറ്റ് നേതാക്കളും ഇതേ അഭിപ്രായം തന്നെയാണോ പങ്കിടുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഈ സംഘടനകള്‍ക്കും അതിന്‍റെ നേതാക്കള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് വ്യക്തമാക്കി.
വനിതാ മതില്‍ പൊളിക്കുമെന്ന് ചെന്നിത്തലയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധമാണ്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് പുരുഷ മേധാവിത്വ മനോഘടനയാണ്. ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിയ്ക്കും ഭരണവാഴ്ചയ്ക്കും എതിരാണ് ഈ നിലപാടുകള്‍. ഇതിനെതിരെ കേരളത്തിലെ സ്ത്രീകളടക്കമുള്ള പൊതുസമൂഹം പ്രതികരിക്കും. സ്ത്രീകള്‍ക്ക് ഉണര്‍വുണ്ടാകുമ്പോള്‍ അതിനെ ഭയക്കുന്ന യാഥാസ്തിതികരുടെ മനസ്സാണ് അത് തകര്‍ക്കുമെന്ന് പറയുന്നവരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.