സിഖ് വിരുദ്ധ കലാപത്തിലെ പ്രതിക്കു വധശിക്ഷ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതക ത്തെത്തുടർന്ന് 1984ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിലെ പ്രതിക്കു വധശിക്ഷ. സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽ ഹർദേവ് സിങ്, അവതാർ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി യശ്പാൽ സിങ്ങിനാണ് അഡീഷനൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡെ വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതി നരേഷ് ഷെറാവത്തിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പ്രതികൾ 35 ലക്ഷം രൂപ വീതം പിഴയടയ്ക്കണം.കൊല്ലപ്പെട്ട ഹർദേവ് സിങ്ങിന്റെ സഹോദരൻ സന്തോഖ് സിങ് നൽകിയ കേസിലാണ് ഉത്തരവ്.
തിഹാർ ജയിലിൽ കനത്ത സുരക്ഷയിലാണു ശിക്ഷ വിധിച്ചത്. ഈയിടെ പട്യാലഹൗസ് കോടതിയിൽ ഹാജരാക്കാനെത്തിയപ്പോൾ ശ്പാൽ സിങ്ങിനെ ബിജെപി നേതാവ് മഞ്ജിന്ദർ സിങ് സിർസ മർദിച്ചതിനെ തുടർന്നാണു വിധി പറയുന്നത് ജയിലിലേക്കു ജയിലിലേക്കു മാറ്റിയത്. യശ്പാൽ സിങ് (58) ട്രാൻസ്പോർട്ട് കമ്പനി ഉടമയും നരേഷ് ഷെറാവത്ത് (68) മുൻ മുൻ പോസ്റ്റ് മാസ്റ്ററുമാണ്. 1984 നവംബർ ഒന്നിനാണു സംഭവം. ആയിരത്തോളം വരുന്ന സംഘമാണു കൊല്ലപ്പെട്ടവർ ഉൾപ്പെടെയുള്ള സിഖുകാരെ ആക്രമിച്ചത്. കടകൾ കത്തിച്ച സംഘം മുറിക്കുള്ളിൽ കയറി ഒളിച്ച ഇവരെ മർദിച്ചും കുത്തിയും മാരകമായി പരുക്കേൽപ്പിച്ചശേഷം കെട്ടിടത്തിന്റെ മുകളിൽനിന്നു തള്ളിയിട്ടെന്നാണു കേസ്.



