ഭീഷണി തുടരുന്നു : ആസിഫാ ബാനുവിന്റെ കുടുംബം നാടുവിട്ടു
ശ്രീനഗർ : കശ്മീരിലെ കത്്വ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരി ആസിഫാ ബാനുവിന്റെ കുടുംബം നാടുവിട്ടു. കശ്മീരിലെ രസാന ഗ്രാമത്തിലെ വീടും കുടുംബവും വിട്ട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുകയാണെന്ന് ആസിഫാ ബാനുവിന്റെ പിതാവ് മുഹമ്മദ് യൂസഫ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമായാണ് മുഹമ്മദ് യൂസഫ് നാട് വിടുന്നത്. പ്രദേശത്തെ ജനങ്ങളിൽ നിന്നും അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കുടുംബം സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതെന്നാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് നിന്ന് കാണാതായ പെൺകുട്ടിയെ എട്ട് ദിവസത്തിന് ശേഷം വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. സംഭവത്തിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
കുട്ടിയെ എട്ട് ദിവസത്തോളം ആഹാരം നൽകാതെ ക്ഷേത്രത്തിലെ മുറിക്കുള്ളിൽ ബന്ദിയാക്കുകയും ഇടയ്ക്കിടെ മയക്കുമരുന്ന് കുത്തി മയക്കുകയും ചെയ്തു. ഇക്കാലയളവിൽ പോലീസ് ഉൾപ്പെടെയുള്ളവർ മാറിമാറി പീഡിപ്പിച്ചു. ഒടുവിൽ മൃതപ്രായയായ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ബ്രാഹ്മണർക്ക് ആധിപത്യമുള്ള പ്രദേശത്താണ് പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടുന്ന നാടോടി കുടുംബങ്ങൾ താമസിച്ചിരുന്നത്. ഇവരെ ഇവിടെ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നത്.
അതേസമയം, ആസിഫയെ കൊന്ന പ്രതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ ബി.ജെ.പി മന്ത്രിമാർ പങ്കെടുത്തതിനെതിരെ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. വനമന്ത്രി ചൗധരി ലാൽ സിംഗും വ്യവസായ മന്ത്രി ചന്ദർ പ്രകാശ് ഗംഗയുമാണ് ഹിന്ദു എക്താ മഞ്ച് നടത്തിയ റാലിയിൽ പങ്കെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസിന്റെ നീക്കത്തെ കാട്ടു നീതി എന്നാണ് ബി.ജെ.പി മന്ത്രിമാർ വിശേഷിപ്പിച്ചത്.

