കോൺഗ്രസ് മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാൻഡിന്; നിയമസഭാ കക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
ശാരിക l കേരളം
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുനൽകിക്കൊണ്ട് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ യോഗത്തിൽ പങ്കെടുത്തവർ ഏകകണ്ഠമായി അംഗീകരിച്ചു. മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടെയാണ് ഈ നിർണ്ണായക നീക്കം. യോഗത്തിന് മുന്നോടിയായി എഐസിസി നിരീക്ഷണ സമിതി എംപിമാരുമായും മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകി. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ തുടങ്ങിയ എംപിമാരും വേണുഗോപാലിനെ പിന്തുണച്ചപ്പോൾ, ഹൈബി ഈഡൻ വി.ഡി. സതീശന്റെ പേരാണ് നിർദ്ദേശിച്ചത്. നിലവിൽ 47 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെ.സി വിഭാഗം അവകാശപ്പെടുന്നു. അതേസമയം 16 എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും ഒമ്പത് പേരുടെ പിന്തുണ വി.ഡി. സതീശനും പ്രതീക്ഷിക്കുന്നുണ്ട്.
കെപിസിസി ആസ്ഥാനത്ത് എത്തിയ നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും 63 എംഎൽഎമാരുമായും ഗ്രൂപ്പായും വ്യക്തിപരമായും കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരം 4.30ന് ഘടകകക്ഷി നേതാക്കളുമായും ഇവർ ചർച്ച നടത്തും. നിരീക്ഷകർ ഡൽഹിയിലെത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. മന്ത്രിമാരുടെ കാര്യത്തിൽ മെറിറ്റ് മാത്രമായിരിക്കണം മാനദണ്ഡമെന്നും ഗ്രൂപ്പ് താൽപ്പര്യങ്ങൾ പരിഗണിക്കരുതെന്നും രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
sdad

