ആഫ്രിക്കൻ തൊഴിലാളികൾക്കായി ബഹ്റൈനിൽ പ്രത്യേക സഹായ ഡെസ്ക്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (MWPS), ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി പ്രത്യേക 'ഹെൽപ്പ് ഡെസ്ക്' ആരംഭിക്കുന്നു. എത്യോപ്യ, നൈജീരിയ, സുഡാൻ, കെനിയ, ഉഗാണ്ട, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈ.കെ. അൽമോയ്യിദ് ആന്റ് സൺസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് സംഘടന ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ഈ സേവനം കേവലം ഒരു ഹോട്ട്‌ലൈൻ മാത്രമല്ലെന്നും തൊഴിലാളികൾ നേരിടുന്ന ഭാഷാപരമായ തടസ്സങ്ങളും ഭരണപരമായ പ്രയാസങ്ങളും മറികടക്കാൻ സഹായിക്കുന്ന ഒരു പാലമായി ഇത് പ്രവർത്തിക്കുമെന്നും MWPS ചെയർപേഴ്സൺ മോന അൽമോയ്യിദ് വ്യക്തമാക്കി. റിയാദ്, അബുദാബി എന്നിവിടങ്ങളിലെ കോൺസുലേറ്റുകളുമായും കമ്മ്യൂണിറ്റി നേതാക്കളുമായും സഹകരിച്ച് നിയമസഹായം, നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം, ഇമിഗ്രേഷൻ ക്ലിയറൻസ് എന്നിവ ഈ ഡെസ്ക് വഴി ഉറപ്പാക്കും.

2026-ന്റെ ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്ത 42 കേസുകളിൽ 85 ശതമാനവും പരിഹരിക്കാൻ സാധിച്ചതായി സംഘടന അറിയിച്ചു. സൊസൈറ്റിക്ക് ലഭിക്കുന്ന പരാതികളിൽ 80 ശതമാനവും ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. കൂടാതെ താമസച്ചെലവ്, വിസ റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മുൻപ് ധാരണയിലെത്തിയ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം കർശനമായി നടപ്പിലാക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്നും വൈസ് ചെയർപേഴ്സൺ ഇവോൺ ഭാസ്കരൻ, ട്രഷറർ കവിതശ്രീ സുവർണ, മീഡിയ കമ്മിറ്റി തലവൻ രാജി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗാർഹിക പീഡനം, അനധികൃത താമസം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളും ബോധവൽക്കരണവുമാണ് ഈ മാറ്റത്തിന് കാരണമായതെന്ന് MWPS വിലയിരുത്തുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed