അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാജിവെച്ചു; പുതിയ സർക്കാർ മെയ് 12ന് അധികാരത്തിലേക്ക്


ശാരിക l ദേശീയം

ദിസ്പുർ: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. ബുധനാഴ്ച ഗുവാഹത്തിയിലെ ലോക് ഭവനിൽ വെച്ചാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പുതിയ സർക്കാർ നിലവിൽ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച അവസാനം കേന്ദ്ര നിരീക്ഷകർ എത്തുന്നതോടെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തീരുമാനിക്കും. ഹിമന്ത ബിശ്വ ശർമ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 12ന് നടക്കുമെന്നാണ് നിലവിലെ വിവരം.

തന്റെയും മന്ത്രിസഭയുടെയും രാജി ഗവർണർ സ്വീകരിച്ചതായി രാജിക്കത്ത് സമർപ്പിച്ച ശേഷം ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ മാർഗനിർദേശങ്ങൾക്ക് അദ്ദേഹം ഗവർണറോട് നന്ദി അറിയിക്കുകയും ചെയ്തു. അടുത്ത നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ജെ.പി. നദ്ദയെയും നയാബ് സിംഗ് സെയ്നിയെയും കേന്ദ്ര നിരീക്ഷകരായി ബിജെപി നേതൃത്വം നിയമിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത ശേഷം എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് (എജിപി) ഗുവാഹത്തിയിൽ യോഗം ചേർന്ന് പ്രധാന നേതൃസ്ഥാനങ്ങളിൽ തീരുമാനമെടുത്തു. പാർട്ടി അധ്യക്ഷൻ അതുൽ ബോറയെ നിയമസഭാ കക്ഷി നേതാവായും കേശബ് മഹാന്തയെ ഉപനേതാവായും തെരഞ്ഞെടുത്തു. ഡോ. തപൻ ദാസിനെ നിയമസഭാ കക്ഷി സെക്രട്ടറിയായി നിയമിച്ചു. ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന പ്രമേയത്തെ അസം ഗണ പരിഷത്ത് ഐക്യകണ്ഠേന പിന്തുണയ്ക്കുകയും ചെയ്തു.

article-image

ിുിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed