ദേശീയ ചലച്ചിത്ര അവാർഡിൽ മലയാളി തിളക്കം : ശ്രീദേവി മികച്ച നടി, ഋഥി സെൻ നടൻ
ന്യൂഡൽഹി : അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാര നിറവിൽ മലയാള സിനിമാലോകവും. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളാണ് മലയാളത്തിനായി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയത്. മലയാളത്തിന് പത്ത് അവാർഡുകൾ ലഭിച്ചു. മികച്ച സംവിധായകനായി ജയരാജിനെയും (ഭയാനകം), സഹനടനായി ഫഹദ് ഫാസിലിനെയും (തൊണ്ടിമുതലും ദൃക്സാക്ഷിയും) തിരഞ്ഞെടുത്തു. മോം എന്ന ചിത്രത്തിലെ മനോഹര പ്രകടനത്തിന് അന്തരിച്ച നടി ശ്രീദേവിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. നഗരകീർത്തനം എന്ന ബംഗാളി ചിത്രത്തിലെ പ്രകടനത്തിന് പത്തൊന്പത് വയസുകാരൻ ഋഥി സെൻ ആണ് രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ രണ്ട് വിഭാഗത്തിലേക്കും മലയാളി താരങ്ങൾ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.
മികച്ച നടനുള്ള പുരസ്കാരത്തിന് ഇന്ദ്രൻസിനെ അവസാന നിമിഷം വരെ പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയർമാൻ ശേഖർ കപൂർ പറഞ്ഞു. ടേക്ക് ഓഫിലെ ഗംഭീര പ്രകടനത്തിന് പാർവതിയെയും ജൂറി അഭിനന്ദിച്ചു. മികച്ച പ്രകടനമെന്ന് വിലയിരുത്തിയാണ് ജൂറിയുടെ പ്രത്യേക പരാമർശം പാർവതിക്ക് നൽകാൻ തീരുമാനിച്ചതെന്നും ജൂറി ചെയർമാൻ പറഞ്ഞു.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും പ്രത്യേക ജൂറി പരാമർശവും തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കി. ഇതേ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെ തിരഞ്ഞെടുത്തു. ഭയാനകം എന്ന ചിത്രത്തിലൂടെ നിഖിൽ എസ്. പ്രദീപ് മികച്ച ക്യാമറാമാനായി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്കാരം ടേക് ഓഫിലൂടെ സന്തോഷ് രാജന് ലഭിച്ചു. ഗാനഗന്ധർവൻ യേശുദാസാണ് മികച്ച ഗായകൻ. വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം. വില്ലേജ് റോക്ക് സ്റ്റാർ എന്ന ആസാമീസ് ചിത്രമാണ് പോയ വർഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
തന്നെ ഏറെ വിസ്മയിപ്പിച്ച ചിത്രം മലയാളത്തിൽ നിന്നായിരുന്നെന്ന് ജൂറി ചെയർമാൻ ശേഖർ കപൂർ. ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് ശേഖർ കപൂർ പറഞ്ഞു. ചിത്രത്തിലെ അഭിനയത്തിന് ഫഹദിനെ അഭിനന്ദിക്കാനും ശേഖർ മറന്നില്ല. ഇത്തവണ അവാർഡിനെത്തിയ ചിത്രങ്ങളിൽ പ്രാദേശിക സിനിമകളാണ് കൂടുതൽ നിലവാരം പുലർത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
മറ്റ് അവാർഡുകൾ: മികച്ച ജനപ്രിയ ചിത്രം: ബാഹുബലി 2, ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം: വിനോദ് ഖന്ന, സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം, സഹനടി: ദിവ്യ ദത്ത (ഇരാദാ, ഹിന്ദി), സംഗീതം: എ.ആർ റഹ്്മാൻ (കാട്രു വെളിയിടൈ), പശ്ചാത്തല സംഗീതം: എ.ആർ റഹ്്മാൻ.

