ബഹ്‌റൈൻ - ഇന്ത്യ സാമ്പത്തിക സഹകരണം ശക്തമാക്കാൻ കൈകോർത്ത് ചേമ്പർ ഓഫ് കോമേഴ്സും, ബഹ്റൈൻ ഇന്ത്യ സൊസെറ്റിയും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയും (BIS) ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഉന്നതതല കൂടിക്കാഴ്ച നടത്തി. സനാബിസിലെ ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ബി.ഐ.എസ് ചെയർമാൻ അബ്ദുറഹ്മാൻ ജുമ, ബി.സി.സി.ഐ ചെയർമാൻ നബീൽ കാനു എന്നിവർ നേതൃത്വം നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ വ്യക്തമായ ബിസിനസ് സംരംഭങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. ഭാവി പ്രവർത്തനങ്ങൾക്കായി ഒരു ജോയിന്റ് കമ്മിറ്റിയും വർക്കിംഗ് ഗ്രൂപ്പും രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ബഹ്‌റൈനിൽ കോർപ്പറേറ്റ് നികുതി നിലവിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാർ (DTAA) എത്രയും വേഗം യാഥാർത്ഥ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. നിലവിലുള്ള ധാരണാപത്രങ്ങൾ അവലോകനം ചെയ്യാനും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനായി എക്കണോമിക് ഡെവലപ്‌മെന്റ് ബോർഡുമായി (EDB) ചേർന്ന് പ്രവർത്തിക്കാനും ഇരുവിഭാഗവും സമ്മതിച്ചു.
പരമ്പരാഗത വ്യാപാരത്തിന് പുറമെ കായിക മേഖലയിലെ സഹകരണം, ബിസിനസ് ഡെലിഗേഷനുകളുടെ കൈമാറ്റം തുടങ്ങിയവയിലൂടെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാൻ യോഗം തീരുമാനിച്ചു. ബി.ഐ.എസ് വൈസ് ചെയർമാൻ ബാലു, ട്രഷറർ വിജയ് ബെല്ലൂർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
sdfdsfs

