ദേശീയ ഗീതമായ വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ശാരിക l ദേശീയം
ന്യൂഡൽഹി: ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് നൽകുന്ന അതേ പദവി ദേശീയ ഗീതമായ 'വന്ദേമാതര'ത്തിനും നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ചൊവ്വാഴ്ച ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. പശ്ചിമ ബംഗാളിലെ വിജയത്തിൽ യോഗം പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
ദേശീയ ഗാനത്തിന് നിലവിൽ ലഭിക്കുന്ന നിയമ പരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്നതിനായി 'ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ' ഭേദഗതി വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം വന്ദേമാതരം ആലപിക്കുമ്പോൾ തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികൾ ജാമ്യമില്ലാ കുറ്റമായി മാറും. മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകൾ ഇനി മുതൽ വന്ദേമാതരത്തെ അപമാനിക്കുന്നവർക്കും ബാധകമായിരിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ ലഭിക്കുന്നതാണ്.
വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിലാണ് രാജ്യം ഈ ചരിത്രപരമായ തീരുമാനം കൈക്കൊള്ളുന്നത്. കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ നടന്ന ചർച്ചകളിൽ വന്ദേമാതരത്തിന് തുല്യ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. നിയമ ഭേദഗതിക്കാവശ്യമായ ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.
sdfsdf

