2019ലെ തിരഞ്ഞെടുപ്പിന് മുന്പ് ബി.ജെ.പി വിടുമെന്ന സൂചന നൽകി ശത്രുഘൻ സിൻഹ
ന്യൂഡൽഹി : മറ്റൊരു പാർട്ടിയുടെ കീഴിൽ 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകി ബി.ജെ.പി നേതാവ് ശത്രുഘൻ സിൻഹ രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം തന്നെപ്പോലുള്ള മുതിർന്ന നേതാക്കളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബീഹാറിലെ തന്റെ മണ്ധലമായ പാറ്റ്നാ സാഹിബ് വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ലെന്നും മുൻ ബോളിവുഡ് നടൻ കൂടിയായ അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മറ്റ് പാർട്ടികൾ തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബി.ജെ.പിയുടെ ടിക്കറ്റിലോ മറ്റ് പാർട്ടികളുടെ പിന്തുണയോടെയോ അല്ലെങ്കിൽ സ്വതന്ത്രനായോ മത്സരിക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും തനിക്ക് ബി.ജെ.പി ടിക്കറ്റ് കിട്ടില്ലെന്നും താൻ മറ്റൊരു പാർട്ടിയുടെ കീഴിൽ മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷമാണ് എന്റെ പേര് പ്രഖ്യാപിച്ചത്. ഇപ്പോഴും സമാന അഭ്യൂഹങ്ങൾ കേൾക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ താൻ റെക്കാഡ് മാർജിനിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. മുൻ വർഷത്തെ റെക്കാഡ് തകർത്ത താൻ രാജ്യത്തെ ഏറ്റവും വലിയ വോട്ട് വിഹിതവും സ്വന്തമാക്കി. എന്നിട്ടും എനിക്ക് ടിക്കറ്റ് തരാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ അവഗണിക്കുന്നുണ്ടോയെന്ന വിഷയം പുറത്തുള്ളവരുമായി ചർച്ച ചെയ്യാൻ താതപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സർക്കാർ അധികാരത്തിലേറിയ സമയം മുതലുള്ള കാര്യങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാൽ കൃഷ്ണ അദ്വാനി അടക്കമുള്ള നേതാക്കന്മാരെ പാർട്ടിയിൽ അവഗണിക്കുകയാണെന്നും സിൻഹ ആരോപിച്ചു.

