സി.എസ്.ബിയുടെ ഓഹരികൾ ഫെയർഫാക്സ് വാങ്ങുന്നു
മുംബൈ : കാനഡയിലെ ഇന്ത്യൻ വംശജനായ പ്രേമ വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് കാത്തലിക് സിറിയൻ ബാങ്കിന്‍റെ (സി.എസ്.ബി) ഓഹരികൾ സ്വന്തമാക്കുന്നു. ബാങ്കിന്റെ 51 ശതമാനം ഓഹരികളാണ് വാങ്ങുന്നത്. ഷെയർ ഒന്നിന് 140 രൂപ തോതിൽ 578 കോടി രൂപയ്ക്കാണ് ഓഹരി ഏറ്റെടുക്കുന്നത്. ഓഹരിയുടമകളുടെ അനുമതി ലഭിച്ചശേഷം ഇടപാട് പൂർത്തീകരിക്കും. സി.എസ്.ബി പ്രതീക്ഷിച്ചതിലും താഴെയാണ് ഓഹരിവില കണക്കാക്കിയിരിക്കുന്നത്. മുന്പ് ഓഹരികൾ വാങ്ങാൻ ഫെയർഫാക്സ് തയ്യാറായെങ്കിലും മൂല്യനിർണയത്തിൽ ധാരണയെത്താത്തതിനാൽ നടന്നില്ല. പിന്നീട് 30 ശതമാനം ഓഹരികൾ വിൽക്കുന്നതിനായി അയോൺ ക്യാപ്പിറ്റൽ, എവർസ്റ്റൺ ക്യാപ്പിറ്റൽ എന്നീ സ്വകാര്യ നിക്ഷേപക കന്പനികളുമായി സിഎസ്ബി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, ഈ വർഷം ജനുവരിയിൽ നടന്ന ഈ ചർച്ചയിൽ വിലയെപ്പറ്റി ധാരണയായില്ല. തുടർന്നാണ് ഫെയർഫാക്സ് വീണ്ടും വന്നത്.

