കേരളത്തിലെ ആദ്യ ഓട്ടുകന്പനി അടച്ചുപൂട്ടുന്നു
കോഴിക്കോട് : കേരളത്തിലെ ആദ്യ ഓട്ട് കന്പനിയായ ‘ചെറുവണ്ണൂർ കാലിക്കറ്റ് ടൈൽ കന്പനി’ അടച്ചു പൂട്ടുന്നു. കളിമണ്ണ് ക്ഷാമം ഉൽപ്പാദനത്തെ ബാധിച്ചതാണ് കന്പനി അടച്ചു പൂട്ടാൻ കാരണം. ഇതുസംബന്ധിച്ച് കന്പനിയിൽ മാനേജ്മെന്റ് നോട്ടിസ് പതിച്ചു. ഉൽപ്പാദനത്തിന് ആവശ്യമായ കളിമണ്ണ് ലഭ്യമായാൽ കന്പനി തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ആറ് മാസം മുൻപ്, കന്പനി ലോക്കൗട്ട് ചെയ്യേണ്ടി വരുമെന്ന് (കളിമണ്ണ് ലഭിക്കാത്തതിനാൽ) ചൂണ്ടിക്കാട്ടി മാനേജ്മെന്റ് ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകിയിരുന്നു. സ്റ്റോക്കുണ്ടായ കളിമണ്ണ് പൂർണ്ണമായും തീർന്നതിനാലാണ് കന്പനി താൽക്കാലികമായി പ്രവർത്തനം നിർത്തുന്നതെന്നാണ് മാനേജ്മെന്റിന്റെ വാദം.
കളിമണ്ണ് സ്റ്റോക്ക് കുറഞ്ഞതോടെ ഉച്ചവരെ മാത്രമായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം ജോലി ചെയ്തത്. ഉച്ചയ്ക്ക് ശേഷം തൊഴിലാളികൾക്ക് ലേ ഓഫ് ഏർപ്പെടുത്തുകയായിരുന്നു. മുൻകാലത്ത് സ്റ്റോക്കുണ്ടായ മണ്ണും കർണാടകയിൽ നിന്നെത്തിച്ച കളിമണ്ണും ഉപയോഗിച്ചായിരുന്നു ഇക്കാലമത്രയും ഓടുൽപ്പാദനം നടത്തിയത്.
180ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഇവർക്ക് തൊഴിൽ നഷ്ടമാകും. അതുകൊണ്ട് തന്നെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ അന്യായമായി കന്പനി അടച്ചുപൂട്ടി ജോലി നിഷേധിക്കുന്ന മാനേജ്മെന്റ് നടപടിക്കെതിരെ പ്രക്ഷോഭമാരംഭിക്കാൻ ഒരുങ്ങുകയാണ്.

