ബി.ജെ.പിയിൽ നിന്നും രാജിവെയ്ക്കുന്ന പ്രശ്നമില്ലെന്ന് യശ്വന്ത് സിൻഹ
ന്യൂഡൽഹി : തന്നെ ബി.ജെ.പിയിൽ നിന്നും പുറത്താക്കാവുന്നതാണെന്നും അല്ലാതെ താൻ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും വിമത ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. പാർട്ടിയിലെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയോട് സംസാരിക്കാൻ അവസരം ചോദിച്ചെങ്കിലും ഇതുവരെയും സമയം അനുവദിച്ചിട്ടില്ല. ഇതാണ് താൻ രാഷ്ട്ര മഞ്ച് എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കാൻ കാരണം. എൻ.ഡി.എയുടെ പ്രവർത്തനങ്ങൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി യോജിക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും മുൻധനമന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി യോജിക്കുന്ന രീതിയിലല്ല ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിനെ പഴയ രീതിയിൽ ആക്കാനാണ് താൻ പോരാട്ടം നടത്തുന്നത്. ഇങ്ങനെ നാല് വർഷം താൻ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് രാഷ്ട്ര മഞ്ച് എന്ന കൂട്ടായ്മ. വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങളും കർഷകരും ഉൾപ്പെട്ട ബൃഹത്തായ കൂട്ടായ്മയാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
മോദി സർക്കാരിന്റെ വിവിധ നിലപാടുകളെ തുറന്ന് എതിർത്തിട്ടുള്ള സിൻഹ, താൻ പാർട്ടി വിട്ടേക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ പ്രസ്താവനകളുടെ പേരിൽ പാർട്ടി നടപടിയെടുക്കുമെന്ന് ഭയക്കുന്നില്ലെന്നും അങ്ങനെ നടപടിയെടുത്താൽ അതായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മറ്റ് പാർട്ടികളുമായി കൂട്ടുകൂടുമോയെന്ന ചോദ്യത്തിന് എല്ലാ കറികളിലും ഉപയോഗിക്കാൻ കഴിയുന്ന ഉരുളക്കിഴങ്ങിനെ പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി വിഷയങ്ങളിലും മോദിയെയും ബി.ജെ.പി നേതൃത്വത്തേയും വിമർശിച്ച് സിൻഹ രംഗത്തെത്തിയിരുന്നു.



