വിദ്വേഷ പ്രസംഗങ്ങൾക്കും പ്രവാസി വിരുദ്ധതയ്ക്കും ജനങ്ങൾ മറുപടി നൽകുമെന്ന് ബഹ്റൈൻ യുഡിഎഫ് കൺവെൻഷൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വൻ വിജയം നേടുമെന്ന് ബഹ്‌റൈൻ ജില്ലാ യുഡിഎഫ് കൺവെൻഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാക്കളും മലപ്പുറം ജില്ലയ്ക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കുള്ള ശക്തമായ മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ബഹ്‌റൈൻ മലപ്പുറം ജില്ലാ യുഡിഎഫ് ചെയർമാൻ ഇഖ്ബാൽ താനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ റംഷാദ് അയിലക്കാട് സ്വാഗതവും ട്രഷറർ രഞ്ജിത് പടിക്കൽ നന്ദിയും പറഞ്ഞു.
പ്രചാരണ തിരക്കുകൾക്കിടയിലും ജില്ലയിലെ വിവിധ യുഡിഎഫ് സ്ഥാനാർത്ഥികൾ ഓൺലൈനായി കൺവെൻഷനിൽ പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ), ടി.വി. ഇബ്രാഹിം (വള്ളിക്കുന്ന്), വി.എസ്. ജോയ് (തവനൂർ), ടി.പി. അഷ്റഫലി (കൊണ്ടോട്ടി), കെ.പി. നൗഷാദലി (പൊന്നാനി), പി.എം.എ സമീർ (തിരൂരങ്ങാടി) തുടങ്ങിയ സ്ഥാനാർത്ഥികൾ സംസാരിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രവാസികളുടെ വിധിയെഴുത്തായിരിക്കും ഇത്തവണത്തേതെന്ന് സ്ഥാനാർത്ഥികൾ ചൂണ്ടിക്കാട്ടി.
യൂത്ത് ലീഗ് നേതാവ് അസിം ചെമ്പ്ര, കെ.പി. മുസ്തഫ, അഷ്റഫ് കാട്ടിൽ പീടിക, ബിനു കുന്നന്താനം, ചെമ്പൻ ജലാൽ, ഗിരീഷ് കാളിയത്ത്, കുട്ടൂസ മുണ്ടേരി, നിസാർ കുന്നംകുളത്തിങ്കൽ, വി.കെ റിയാസ്, ഉമ്മർ കൂട്ടിലങ്ങാടി, അലി അക്ബർ തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു.
dsfsf



