ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം തുടരുന്നു; ഇതുവരെ തകർത്തത് 565 എണ്ണം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 174 മിസൈലുകളും 391 ഡ്രോണുകളും ബി.ഡി.എഫ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു. സൈനികരുടെ അതീവ ജാഗ്രതയും അത്യാധുനിക പ്രതിരോധ സംവിധാനവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് ജനറൽ കമാൻഡ് അറിയിച്ചു.
രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും സൈന്യത്തിന്റെ പോരാട്ടവീര്യത്തിലും കാര്യക്ഷമതയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ബി.ഡി.എഫ് ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കണം. സൈനിക നീക്കങ്ങളുടെയോ തകർന്ന വീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കരുത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.
dfdsfs



