പശ്ചിമേഷ്യൻ പ്രതിസന്ധി: ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് 'മൻ കി ബാത്തിൽ' മോദി
ശാരിക l ദേശീയം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ വർധിച്ചുവരുന്ന യുദ്ധസാഹചര്യം ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും ഇത്തരം വെല്ലുവിളികളെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിലൂടെ' രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള സാമ്പത്തിക ക്രമത്തെയും വിതരണ ശൃംഖലകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഈ അസ്ഥിരതകൾ ഇന്ത്യയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ പൗരന്മാരുടെ ആത്മവിശ്വാസവും ഐക്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ രാജ്യത്തിനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാനത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ ജനങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യുദ്ധസാഹചര്യമുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ആഗോള ശ്രമങ്ങൾക്ക് ഭാരതം എന്നും മുൻകൈ എടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
dbddfgdg



