വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കീഴടങ്ങി
തൃശ്ശൂർ: വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കീഴടങ്ങി. ഭർത്താവന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നടത്തറ പുത്തൂക്കാരൻ ലാസറിനെയാണ് (63) അറസ്റ്റ് ചെയ്തത്. വഴക്കിനിടെ രണ്ടാം ഭാര്യ ഷേർളിയെ താൻ വെട്ടുകത്തി കൊണ്ടു കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു. ലാസറിനെ കോടതിയിൽ ഹാജരാക്കി.
നടത്തറ ദേശീയപാതയോടുചേർന്നു വർക്ക്ഷോപ്പ് നടത്തിവരുന്ന ലാസർ ഭാര്യ മരിച്ചതിനെത്തുടർന്ന് ആറു വർഷം മുന്പാണ് അരിന്പൂർ സ്വദേശിനി ഷേർളിയെ വിവാഹം ചെയ്തത്. ഷേർളിയുടെയും രണ്ടാം വിവാഹമായിരുന്നു. ഏറെ നാളായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇവർ വഴക്കുണ്ടാക്കുകയും ലാസർ വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് സ്ഥിരമായി മർദിക്കുന്നതിനാൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഷേർളി നൽകിയ പരാതിയെ തുടർന്ന് പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഷേർളിയുടെ സംസ്കാരം ഇന്ന് രാവിലെ പറവട്ടാനി മാംദാന പള്ളിയിൽ നടന്നു.



