മാലെഗാവ് സ്ഫോടനക്കേസ് : ലെഫ്.കേണൽ പുരോഹിതിന് ജാമ്യം
ന്യൂഡൽഹി : 2008 ലെ മലേഗാവ് സ്‌ഫോടനക്കേസിൽ ലെഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതിയിൽ എതിർത്തിരുന്നു. ബോംബെ ഹൈക്കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ആർ.കെ അഗർവാൾ, എം.എസ് സപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പുരോഹിതിന് എതിരായ മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് -എം.സി.ഒ.സി.എ) കുറ്റം പിൻവലിച്ചെന്നും ജാമ്യത്തിന് അർഹനാണെന്നുമാണ് അഭിഭാഷകൻ വാദിച്ചത്. അതേസമയം, കേസിലെ മറ്റൊരു കുറ്റാരോപിതായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഒക്ടോബർ 10ന് പരിഗണിക്കും. ഹരീഷ് സാൽ വേയാണ് പുരോഹിതിനു വേണ്ടി ഹാജരായത്.
2008 സെപ്റ്റംബർ 29 നായിരുന്നു നാസിക്കിന് സമീപം മലേഗാവിൽ സ്‌ഫോടനം നടന്നത്. ഏഴുപേർ സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2008 ൽ അറസ്റ്റിലായ പുരോഹിത് ഒന്പതു വർഷമായി ശിക്ഷ അനുഭവിക്കുകയാണ്.
ഒന്പതുവർഷമായി പുരോഹിത് ജയിലിൽ ആണെന്നും മക്കോക്ക പ്രകാരമുള്ള ചാർജുകൾ പുരോഹിതിന്റെ പേരിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സാൽവേ വാദിച്ചു. നാലായിരം പേജുള്ള എൻ.ഐ.എയുടെ കുറ്റപത്രത്തിൽ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ, ലെഫ്. കേണൽ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ധേ എന്നിവരെയാണ് സ്‌ഫോടനത്തിന്റെ മുഖ്യാസൂത്രകരായി പറഞ്ഞിട്ടുള്ളത്. 16 പേരെ പ്രതിചേർത്ത കേസിൽ 14 പേർക്കെതിരെ എടിഎസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2011ലാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്.

