സ്പാനിഷ് ലീഗിൽ ബാഴ്സയ്ക്കും റയലിനും ജയം
ബാഴ്സലോണ : സ്പാനിഷ് ലീഗിൽ ബാഴ്്‍സലോണയ്ക്കും റയൽ മഡ്രിഡിനും ജയം. റയൽ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തിയപ്പോൾ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ഡിപോർട്ടിവോയെയാണ് റയൽ മഡ്രിഡ് പരാജയപ്പെടുത്തിയത്.
ബാഴ്‍സലോണയിലുണ്ടായ ഭീകരാക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാഴ്‍സ താരങ്ങൾ ജേഴ്സിയിൽ സ്വന്തം പേരിനുപകരം ബാഴ്സലോണ എന്ന് എഴുതിയായിരുന്നു കളത്തിലിറങ്ങിയത്. റിയൽ ബെറ്റിസ് താരം അലിൻ ടോസ്കയുടെ വക സെൽഫ് ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. തൊട്ടടുത്ത നിമിഷം ബാഴ്സയുടെ ലീഡുയർത്തി സെർജി റോബർട്ടോ രണ്ടാമത്തെഗോളടിച്ചു. തുടർന്നങ്ങോട്ട് ഗോൾരഹിതമായിരുന്നു മത്‍സരം.
ഡിപോർട്ടിവോയെക്കെതിരെ 20ാം മിനിറ്റിൽ ഗരെത് ബെയ്ലാണ് റയലിനായി ആദ്യ ഗോൾ നേടിയത്. 27ാം മിനിറ്റിൽ കാസിമെരോയുടെ മനോഹരമായ രണ്ടാമത്തെ ഗോൾ. രണ്ടാം പകുതിയിൽ ടോണി ക്രൂസിന്റെ വകയായിരുന്നു റയലിന്റെ മൂന്നാമത്തെ ഗോൾ. അടുത്ത മൽസരത്തിൽ റയൽ ലെവന്റെയേയും ബാഴ്സ അലാവസിനേയും നേരിടും.

