'എന്തുവന്നാലും മുന്നോട്ട്'; സി.ജെ.പി സമരത്തിനുനേരെ പൊലീസ് നടപടി; ലാത്തിച്ചാർജ്; ജന്തർ മന്തറിൽ സംഘർഷം
ഷീബ വിജയൻ
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത ‘ചലോ സൻസദ്’ പാർലമെന്റ് മാർച്ചിനുനേരെ ഡൽഹിയിൽ പൊലീസ് ലാത്തിച്ചാർജ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസമായിരുന്നു മാർച്ച്. വിദ്യാർഥികൾ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചത്. ഇതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു.
മാർച്ചിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളുമാണ് ഡൽഹിയിലെത്തിയത്. പൊലീസ് അനുമതിയില്ലാതിരുന്നിട്ടും പിന്തിരിയാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം പല വഴികളിലൂടെ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. സി.ജെ.പിയുടെ സമരത്തിൽ പങ്കാളിയായി നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ കഴിഞ്ഞദിവസം പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും അദ്ദേഹം അവിടെയും സമരം തുടരുകയാണ്.
മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹിയിൽ അയ്യായിരത്തിലധികം പൊലീസുകാരെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചതിന് പുറമെ, കേന്ദ്ര സായുധ പൊലീസ് സേനയുടെ 25-ലധികം ബറ്റാലിയനുകൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ജന്തർ മന്തർ, പാർലമെന്റ് പരിസരം, വിജയ് ചൗക്ക്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. വാഹനപരിശോധനയ്‌ക്കൊപ്പം ഡ്രോൺ നിരീക്ഷണവും സി.സി.ടി.വി സംവിധാനങ്ങളും ഉപയോഗിച്ചാണ് പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അനുമതിയില്ലാതെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
dsdfsdfdf

