ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി കനത്ത തിരിച്ചടി; 600 രൂപ പിഴയൊടുക്കാത്ത യാത്രക്കാരന് 7,000 രൂപ പിഴയും തടവും വിധിച്ച് കോടതി
ഷീബ വിജയൻ
ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ ജൻ വിശ്വാസ് നിയമ പ്രകാരം കര്‍ശനമായ നിയമനടപടികളുമായി റെയില്‍വേ മുന്നോട്ട് പോകുന്നു. കഴിഞ്ഞ ദിവസം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിയിലാവുകയും തുടർന്ന് 600 രൂപ പിഴയടയ്ക്കാൻ വിസമ്മതിക്കുകയും ചെയ്ത യാത്രക്കാരനെ കോടതി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയും വിധിച്ചു. കൊല്ലം ആർപിഎഫ് സ്റ്റേഷനിൽ റെയിൽവേ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കൊല്ലം സ്പെഷൽ ക്ലാസ് റെയിൽവേ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിക്കാണ് മജിസ്ട്രേട്ട് ജസ്റ്റിൻ മാർട്ടിൻ ഈ ശിക്ഷ വിധിച്ചത്. 2026ലെ ജൻ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ 500 രൂപയാണ്. നിലവിൽ ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ട ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയും, സ്ലീപ്പർ കോച്ചിൽ ഇത് 780 രൂപയുമാണ്. ഇനി മുതൽ ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്നവർ അധിക ചാർജിനൊപ്പം യഥാർഥ യാത്രാനിരക്കും നൽകേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പിഴ അടയ്ക്കാത്തവർക്ക് കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം. ഇതിന് പുറമെ മദ്യപിച്ച് ബഹളമുണ്ടാക്കിയാൽ 1000 രൂപ പിഴയും ആറു മാസം വരെ തടവും, പുകവലിച്ചാൽ 2000 രൂപ പിഴയും ലഭിക്കും. പിഴയടയ്ക്കാതെ കോടതിയിലെത്തിയാൽ ഇത് 5000 രൂപ വരെയാകാം. വനിതകളുടെ കോച്ചിൽ അതിക്രമിച്ചു കയറിയാൽ 2000 മുതൽ 5000 രൂപ വരെയും, കോച്ചുകളുടെ മുകളിലും ചവിട്ടുപടിയിലും ഇരുന്നു യാത്ര ചെയ്താൽ 2000 രൂപയും പിഴ ഈടാക്കും.
erwdfsdfs

