പേപ്പർ നോട്ടുകൾ മാറുന്നു; 10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അടുത്ത വർഷം പുറത്തിറക്കാൻ ആർബിഐ ഒരുങ്ങുന്നു
ഷീബ വിജയൻ
ഇന്ത്യയിലെ കറൻസി നോട്ടുകൾ നിലവിലുള്ള കോട്ടൺ-പൾപ്പ് പേപ്പറിന് പകരം പ്രത്യേക തരം പ്ലാസ്റ്റിക് അഥവാ പോളിമർ ഉപയോഗിച്ച് നിർമിക്കാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തുടക്കത്തിൽ 10, 20 രൂപയുടെ നോട്ടുകളായിരിക്കും ഇത്തരത്തിൽ പോളിമർ ഉപയോഗിച്ച് പുറത്തിറക്കുക. ഇതിനായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ ആഗോള-ആഭ്യന്തര നിർമാതാക്കളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ദീർഘകാലം നിലനിൽക്കാനുള്ള ശേഷിയുണ്ടെന്നതിന് പുറമെ ഈർപ്പത്തെയും അഴുക്കിനെയും പ്രതിരോധിക്കാനും സാധിക്കും. കള്ളനോട്ടുകൾ തടയുന്നതിനായി സുതാര്യമായ വിൻഡോകൾ, ഹോളോഗ്രാമുകൾ തുടങ്ങിയ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ കഴിയും. നോട്ടുകൾ കൂടുതൽ കാലം കേടുകൂടാതെ നിലനിൽക്കുന്നതിനാൽ പുതിയ നോട്ടുകൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചെലവ് കുറയ്ക്കാൻ സാധിക്കും. പ്ലാസ്റ്റിക് നോട്ടുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ വാങ്ങാൻ നിർമാതാക്കൾക്ക് അനുവാദമില്ല. ഓസ്‌ട്രേലിയ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ പോളിമർ നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 2007-ൽ തന്നെ ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും ഇതിനായുള്ള നടപടികൾ ആർബിഐ ഊർജിതമാക്കിയിരിക്കുകയാണ്.
asxdxds

