ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു


ഷീബ വിജയൻ

ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ എംപി ഓഫീസ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അംതാല-ബറൂയിപൂർ റോഡിലെ ഈ ഓഫീസ് അനുമതിയില്ലാതെ അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വൻതോതിൽ പൊലീസ് ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ച ശേഷമായിരുന്നു ഓഫീസ് പൊളിച്ചുനീക്കൽ നടപടി. അതിനിടെ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ അഭിഷേക് ബാനർജിയുമായും കുടുംബവുമായും അദ്ദേഹത്തിന്റെ കമ്പനിയുമായും ബന്ധപ്പെട്ട ഹാരിഷ് മുഖർജി റോഡിലെ ശാന്തിനികേതൻ എന്ന വസതി ഉൾപ്പെടെയുള്ള 17 കെട്ടിടങ്ങൾക്ക് പൊളിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് വിശദമായ അറിയിപ്പ് നൽകണമെന്നും മറുപടി നൽകാൻ സമയം അനുവദിക്കണമെന്നും അഭിഷേക് ആവശ്യപ്പെട്ടിരിക്കുകയാണ്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തൃണമൂൽ കോൺഗ്രസ് ഭരിക്കവെയാണ് സ്വന്തം പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഡയമണ്ട് ഹാർബർ എംപി കൂടിയായ അഭിഷേക് ബാനർജിയുമായി ബന്ധമുള്ളതെന്ന് അവകാശപ്പെട്ട് 43 കെട്ടിടങ്ങളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. എന്നാൽ കെഎംസിയുടെ ഡാറ്റാബേസിൽ 'അഭിഷേക് ബാനർജി' എന്ന പേരുള്ള ഒന്നിലധികം ആളുകളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ പട്ടികയിലുള്ള എല്ലാ സ്വത്തുക്കളും തൃണമൂൽ നേതാവിന്റേതാണെന്ന് തെളിയിക്കാനാകില്ലെന്നും പറഞ്ഞ് രാജ്യസഭാ എംപി സാകേത് ഗോഖലെ ഈ ആരോപണം തള്ളി. അതേസമയം, പൊളിച്ചുനീക്കൽ നടപടിയെക്കുറിച്ച് ഇതുവരെ അഭിഷേക് ബാനർജിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

article-image

wde

You might also like

  • Lulu Exchange
  • Straight Forward

Most Viewed