മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു


മാൻസോർ : കര്‍ഷകപ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മന്‍സോറിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇവിടേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും സംഘത്തെയും പൊലീസ് തടഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ 72 മണിക്കൂര്‍ സത്യാഗ്രഹം ബുധനാഴ്ചയാണ് തുടങ്ങുന്നത്.

അഞ്ചു കർഷകർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കർഷകസമരം അക്രമാസക്തമായത്. പ്രക്ഷോഭം പടർന്നതോടെ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരാഹരം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിരാഹാരം അവസാനിപ്പിച്ചെങ്കിലും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല.

കരിഞ്ചന്തയിൽനിന്നു വലിയ വിലയ്ക്കു വളം വാങ്ങേണ്ടിവരുകയും വൈദ്യുതി കിട്ടാത്തതിനാൽ കർഷകർ ഡീസൽ പമ്പ് സെറ്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നതു മൂലം കൃഷിച്ചെലവ് കൂടിയെന്നും അതോടെ കൃഷി ലാഭകരമല്ലാതായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിളകൾ സംഭരിക്കുമ്പോൾ പണമായി നൽകുന്നതിനു പകരം ബാങ്ക് അക്കൗണ്ടിലേക്കു തുക വകവച്ചുനൽകിയതും കർഷകരെ കഷ്ടത്തിലാക്കി. ലഹരിവസ്തുവായ കറുപ്പ് (പോപ്പി) കൃഷിക്കു നേരത്തെ തന്നെ വിലക്കുണ്ടായിരുന്നുവെങ്കിലും വിപണി വിലക്കു പൂർണമാക്കിയതോടെ അത്തരം കർഷകരും വെട്ടിലായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed