തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ അട്ടിമറി: വിജയ്‌യുടെ ടിവികെ ഒന്നാമതാകുന്നു, ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക്
ശാരിക I ദേശീയം
ചെന്നൈ: തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുന്ന ഫലങ്ങളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഡിഎംകെയെ അപ്രസക്തമാക്കി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ലീഡ് നിലയിൽ ഒന്നാമതെത്തിയിരിക്കുന്നു. നിലവിലെ ട്രെൻഡുകൾ പ്രകാരം ടിവികെ 67 സീറ്റുകളിലും, എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെ 66 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. ആദ്യ ഘട്ടത്തിൽ മുന്നിലായിരുന്ന ഡിഎംകെ 62 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു.
തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വിജയ് വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കാൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് സാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഴിമതി വിരുദ്ധ നിലപാടുകളും യുവാക്കളുടെ പിന്തുണയുമാണ് ടിവികെയുടെ കുതിപ്പിന് കരുത്തായത്.
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് എഐഎഡിഎംകെ നടത്തിയത്. കൊങ്ങു മേഖലയിൽ ആധിപത്യം ഉറപ്പിച്ച എഐഎഡിഎംകെ, ടിവികെയുമായി വെറും ഒരു സീറ്റിന്റെ വ്യത്യാസത്തിൽ കടുത്ത പോരാട്ടം തുടരുകയാണ്. തമിഴ്നാട് രാഷ്ട്രീയം ഒരു ത്രികോണ മത്സരത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഇത്തവണ വോട്ടെണ്ണൽ വേളയിൽ കാണുന്നത്.
aa

