തമിഴ്‌നാട്ടിൽ വിജയ് തരംഗം; അധികാരത്തിന് തൊട്ടരികിൽ ടിവികെ, മുഖ്യമന്ത്രിയും ഉദയനിധിയും പിന്നിൽ
ശാരിക I ദേശീയം
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകൾ തകർത്ത് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) തമിഴ്‌നാട്ടിൽ ചരിത്രപരമായ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 109 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുന്ന ടിവികെ അധികാരത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് വിജയ് എത്തുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്വന്തം മണ്ഡലങ്ങളിൽ പിന്നിലായത് ഡിഎംകെ ക്യാമ്പിനെ ഞെട്ടിച്ചു. കൊളത്തൂരിൽ ടിവികെയുടെ വി.എസ്. ബാബുവിനോടും ചെപ്പോക്കിൽ ഡി. ശെൽവത്തോടുമാണ് ഇരുവരും പൊരുതുന്നത്. ദുരൈമുരുകൻ, തങ്കം തെന്നരശ്, കെ.എൻ. നെഹ്‌റു തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ മന്ത്രിസഭയിലെ 15 മന്ത്രിമാരും നിലവിൽ തോൽവി ഭീഷണിയിലാണ്.
വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വലിയ ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ടിവികെ നേതാവ് ആദവ് അർജുന വില്ലിവാക്കത്ത് ലീഡ് ചെയ്യുന്നു. അതേസമയം, ദശാബ്ദങ്ങളായി തമിഴ് മണ്ണ് ഭരിച്ച ഡിഎംകെയും എഐഎഡിഎംകെയും വിജയ് തരംഗത്തിൽ പതറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. എടപ്പാടി പളനിസ്വാമി തന്റെ മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും അണ്ണാ ഡിഎംകെയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബിജെപി ആകട്ടെ ഒരു മണ്ഡലത്തിൽ മാത്രമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.
fgdg

