ബംഗാളിൽ ഭരണമാറ്റം ഉറപ്പിച്ച് ബിജെപി; വോട്ടെണ്ണലിൽ തൃണമൂൽ കോൺഗ്രസ് പിന്നിലേക്ക്
ശാരിക l ദേശീയം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന ഭരണത്തിൽ വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകൾ നൽകി ബിജെപി മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നു. വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ സീറ്റുകളിൽ വ്യക്തമായ ലീഡ് നിലനിർത്താൻ ബിജെപിക്ക് സാധിക്കുന്നുണ്ട്. ഇതോടെ മമത ബാനർജിയുടെ 15 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യമാകുമെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
294 അംഗ നിയമസഭയിൽ ഭരണം പിടിക്കാൻ ആവശ്യമായ 148 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അതിവേഗം അടുക്കുകയാണ്. വോട്ടർ പട്ടികയിലെ പ്രത്യേക പരിശോധനയിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും മുൻ വിശ്വസ്തനും നിലവിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്. ആകെ 294 സീറ്റുകളുള്ള ബംഗാളിൽ ഭൂരിപക്ഷത്തിന് വേണ്ടത് 148 സീറ്റുകളാണ്. കഴിഞ്ഞ തവണ 215 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തിയപ്പോൾ 77 സീറ്റുകൾ നേടിയ ബിജെപി പ്രധാന പ്രതിപക്ഷമായി മാറിയിരുന്നു.
കോൺഗ്രസിനും ഇടതുപക്ഷത്തിനും കഴിഞ്ഞ തവണ സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജി പിന്നീട് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് സഭയിലെത്തിയത്. എന്നാൽ ഇത്തവണ സുവേന്ദു അധികാരി ഭവാനിപൂരിലെത്തി മമതയെ നേരിട്ടത് പോരാട്ടം കൂടുതൽ കടുപ്പിച്ചു. മമതയുടെ സ്വന്തം തട്ടകത്തിൽ വരെ പോരാട്ടം എത്തിക്കുന്നതിൽ ബിജെപി വിജയിച്ചുവെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്.
തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീർ രൂപീകരിച്ച പുതിയ പാർട്ടിയും ഇത്തവണ ബംഗാൾ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയിരുന്നു. ബാബറി മസ്ജിദിന്റെ പേരിൽ പള്ളി പണിയുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വോട്ടുവിഹിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബംഗാൾ ജനത ഭരണമാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ പകുതി നൽകുന്ന ചിത്രം. ബിജെപി ആദ്യമായി ബംഗാളിൽ ഭരണത്തിലേറുമോ അതോ മമത അട്ടിമറി വിജയം നേടുമോ എന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും.
fsdf

