ഗുജറാത്ത് സർവകലാശാലയിൽ ഇനി 'മോദി തത്വവും' പാഠ്യവിഷയം; സിലബസിൽ ഉൾപ്പെടുത്തി പുതിയ കോഴ്സ്
ശാരിക I ദേശീയം
ഗുജറാത്തിലെ വഡോദര മഹാരാജ സയാജിറാവു സർവകലാശാല (MSU) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെയും നേതൃശൈലിയെയും കുറിച്ചുള്ള പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. സോഷ്യോളജി വിഭാഗത്തിന് കീഴിൽ പുതുതായി ആരംഭിച്ച "സോഷ്യോളജി ഓഫ് പേട്രിയോട്ടിസം" (ദേശസ്നേഹത്തിന്റെ സാമൂഹ്യശാസ്ത്രം) എന്ന കോഴ്സിലാണ് 'മോദി തത്വ' (Modi Tattva) എന്ന പേരിൽ പ്രത്യേക മൊഡ്യൂൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യോളജി പ്രോഗ്രാമിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ കരിസ്മാറ്റിക് നേതൃത്വം, അദ്ദേഹം നടപ്പിലാക്കിയ നോട്ടുനിരോധനം, ജൽ ശക്തി മിഷൻ തുടങ്ങിയ പദ്ധതികൾ എങ്ങനെ സമൂഹത്തെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കൂടാതെ ആർ.എസ്.എസിന്റെ ചരിത്രവും പ്രവർത്തനങ്ങളും ഇതിൽ പാഠവിഷയമാകും. മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നിവരെപ്പോലെയുള്ള നേതാക്കളുടെ നേതൃത്വത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന മാതൃകയിൽ മോദിയുടെ നേതൃത്വവും വിദ്യാർത്ഥികൾക്ക് പഠനവിഷയമാക്കാം എന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു.
മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമൻ, ഛത്രപതി ശിവാജി മഹാരാജ് തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങളും ഈ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വരും അധ്യയന വർഷം മുതൽ ഈ പുതിയ സിലബസ് പ്രാബല്യത്തിൽ വരും.
aa

