അറബിക്കടലിലെ വൻ ലഹരി വേട്ട: ലഹരി വസ്തുക്കൾ തമിഴ്‌നാട് വഴി പഞ്ചാബിലെത്തിക്കാനായിരുന്നു പദ്ധതി


ശാരിക

മുംബൈ: ലക്ഷദ്വീപ് തീരത്തിനടുത്ത് അറബിക്കടലിൽ ഇറാൻ ബോട്ടിൽ കടത്തുകയായിരുന്ന ലഹരിമരുന്നുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബോട്ട് തമിഴ്‌നാട്ടിലെത്തിച്ച് ലഹരി വസ്തുക്കൾ അവിടെ ഇറക്കി പഞ്ചാബിലെത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത അഞ്ച് പാക്കിസ്ഥാൻ സ്വദേശികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

‘ആസാദ്' എന്ന ഇറാനിയൻ ബോട്ട് പ്രവർത്തിപ്പിച്ചിരുന്ന പെഷവാർ സ്വദേശികളായ മുഹമ്മദ് യാക്കൂബ് ബലോച്ചി, ഷാക്കിറുള്ള, ഫരീദുള്ള, അഹമ്മദ് ഖാൻ, വാഹിദുള്ള ഖാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ രണ്ട് ആഴ്ച നീണ്ട ഓപ്പറേഷനിൽ 3,000 കോടിയിലധികം രൂപ മൂല്യമുള്ള 526 കിലോഗ്രാം മെത്താംഫെറ്റാമിനും ഹെറോയിനുമാണ് പിടിച്ചെടുത്തത്.

ഇറാനിലെ കൊണാർക് തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ട് പാക്കിസ്ഥാനിലെ ഗ്വാഡറിന് സമീപത്തുവെച്ചാണ് മറ്റൊരു ബോട്ടിൽനിന്ന് ലഹരിവസ്തുക്കൾ ഏറ്റെടുത്തത്. ഗുജറാത്ത് തീരത്ത് നിരീക്ഷണം ശക്തമായതിനാൽ തമിഴ്‌നാട് വഴി പഞ്ചാബിലെത്തിച്ച് ഒരു നൈജീരിയൻ ഇടനിലക്കാരന് കൈമാറാനായിരുന്നു പദ്ധതി. നടുക്കടലിൽവെച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു ബോർട്ടിലേക്ക് ലഹരി മാറ്റാനായിരുന്നു നീക്കം നടത്തിയത്.

ബോട്ടിൽനിന്ന് ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. ലഹരിയുടെ പണം മുൻകൂട്ടി ഹവാല വഴി കൈമാറിയതായി സൂചനയുണ്ട്. ബോട്ടിന്റെ അടിത്തട്ടിൽ നിർമിച്ച പ്രത്യേക അറയിലാണ് ചാക്കുകളിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്തുകാരനായ ഹാജി സലീമിന്റെ ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഇന്ത്യൻ ഏജൻസികളുടെ മികച്ച ഏകോപനത്തിന്റെ ഫലമാണ് വിജയകരമായ ഓപ്പറേഷനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed