ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ പ്രശാന്ത് കിഷോറിന് ഉജ്ജ്വല വിജയം
ഷീബ വിജയൻ
പട്ന: ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് വിജയം. 18,953 വോട്ടുകൾ അധികം നേടിയാണ് ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ തോൽപ്പിച്ചത്. വോട്ടെണ്ണി കഴിഞ്ഞപ്പോൾ ആർ.ജെ.ഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണ്.
31 റൗണ്ടുകളുള്ള വോട്ടെണ്ണലിന്റെ മുഴുവൻ വോട്ടുകളും എണ്ണിത്തീർന്നപ്പോൾ പ്രശാന്ത് കിഷോറിന് 63,203 വോട്ടുകളും നീരജ് കുമാറിന് 44,250 വോട്ടുകളുമാണ് ലഭിച്ചത്. ആകെ ചെയ്ത വോട്ടുകളുടെ 50 ശതമാനത്തിനടുത്ത് വോട്ടുകൾ നേടിയാണ് പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചത്. ഇതോടെ 18,953 വോട്ടുകളുടെ ലീഡാണ് കിഷോർ നേടിയത്.
രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് കളം മാറ്റിയ പ്രശാന്ത് കിഷോറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്. 1995 മുതൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് ബങ്കിപൂർ മണ്ഡലം. ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ നബിൻ രാജിവെച്ചതോടെയാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പൊലീസിനെ ദുരുപയോഗം ചെയ്തെന്നും തന്റെ പ്രവർത്തകരെ ലക്ഷ്യമിട്ടെന്നും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു. ജൻ സുരാജ് പാർട്ടിയുടെ പ്രചാരണ പ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായും വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ക്രമക്കേടുകൾക്കെതിരെ തന്റെ പാർട്ടി തെരഞ്ഞെടുപ്പ് കമീഷനെയും സുപ്രീം കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ തോൽക്കുമെന്നും ‘ഒരു പൂച്ചയെയോ നായയെയോ പോലും മത്സരിപ്പിച്ചാലും തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന ചൊല്ല് മറക്കുമെന്നും’ പ്രശാന്ത് കിഷോർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
dfdfsdf

