വ്യാപാരികൾ സമരത്തിലേക്ക്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജൂലൈ 31 മുതൽ ഇറച്ചിക്കോഴി വിൽപ്പന നിർത്തിവെക്കും


ശാരിക

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജൂലൈ 31 മുതൽ ഇറച്ചിക്കോഴികളുടെ വിൽപ്പന പൂർണ്ണമായി നിർത്തിവെക്കുന്നു. തമിഴ്‌നാട് ചിക്കൻ ട്രേഡേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ബി. ദുരൈരാജാണ് സമരം പ്രഖ്യാപിച്ച കാര്യം അറിയിച്ചത്.

ഫാമുകളിൽ നിന്ന് വ്യാപാരികളുടെ അടുക്കലേക്ക് കോഴികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട പ്രധാന നിബന്ധനകൾ ഉൽപ്പാദകർ പാലിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പ്രധാന ആരോപണം. കോഴികളെ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിന് 12 മണിക്കൂർ മുൻപ് തീറ്റ നൽകുന്നത് നിർത്തണമെന്ന ചട്ടം ഉൽപ്പാദകർ ലംഘിക്കുകയാണ്. ഇതുമൂലം കടകളിൽ എത്തുമ്പോൾ കോഴികളുടെ വയറ്റിൽ 100 മുതൽ 200 ഗ്രാം വരെ ദഹിക്കാത്ത തീറ്റയും വെള്ളവും ഉണ്ടാകുന്നു. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. കൂടാതെ, ഇറച്ചിക്കായി കോഴിയെ അറക്കുമ്പോൾ ഈ ദഹിക്കാത്ത തീറ്റ കാരണം പരിസരം വൃത്തിഹീനമാകുകയും വലിയ ശുചിത്വ ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്.

ഇതിനുപുറമെ പൗൾട്രി മേഖലയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന ഉയർന്ന നികുതികളും എക്സൈസ് ഡ്യൂട്ടികളും പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. കോഴിത്തീറ്റയുടെയും ഇന്ധനത്തിന്റെയും വില വർധിച്ചതും വിപണിയിലുള്ള അസമത്വവും കാരണം മേഖല വലിയ പ്രതിസന്ധിയിലാണ്. വിഷയം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കച്ചവടക്കാരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed