മാസപ്പടി കേസ്: ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ഇഡി; വ്യാജപ്രചാരണമെന്ന് മുഹമ്മദ് റിയാസ്!


ഷീബ വിജയൻ


എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് നൽകിയ കത്തിലെ സുപ്രധാന വിവരങ്ങൾ പുറത്തുവന്നതോടെ മാസപ്പടി കേസിൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. പിണറായി വിജയൻ്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ വിവരങ്ങളുണ്ടെന്നാണ് ഇഡി അവകാശപ്പെടുന്നത്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികളായെന്ന് ഇഡിയുടെ കത്തിലുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഗ്രൂപ്പിലെ ഒരു നമ്പർ 'മിനിസ്റ്റർ റിയാസ്' എന്ന പേരിൽ സേവ് ചെയ്ത നിലയിലാണ്. കൊടുവള്ളി സ്വദേശിയായ ഹവാല ഇടപാടുകാരനും ഗ്രൂപ്പിലുണ്ട്. 2024 മേയ് മാസത്തിൽ വീണയും റിയാസും ദുബായിലേക്ക് ഒന്നിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നു എന്നും, വീണയ്ക്ക് ദുബായിൽ വസ്ത്രവ്യാപാരം നടത്തുന്നതിന് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കാനായിരുന്നു ലക്ഷ്യമെന്നും ഇഡി പറയുന്നു. വീണ എഴുതിയ കുറിപ്പുകളുടെ പകർപ്പും ഡിജിപിക്ക് അയച്ച കത്തിലുണ്ട്. കുറിപ്പുകൾ താൻ എഴുതിയതാണെന്ന് വീണ സമ്മതിച്ചതായും, മേയ് 27-ന് നടന്ന റെയ്ഡിലാണ് ഈ രേഖകൾ പിടിച്ചെടുത്തതെന്നും ഇഡി അവകാശപ്പെടുന്നു.

അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കത്തിലെ വിവരങ്ങൾ പ്രചരിക്കുന്നതിന് പിന്നിൽ ബോധപൂർവം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണെന്ന് സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തെളിവുകൾ പ്രധാനപ്പെട്ടതാണെങ്കിൽ ഇങ്ങനെ പുറത്തുവിടുമോയെന്നും ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി നടക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിട്ടത് മറ്റു ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. 'നമ്മൾ ബേപ്പൂർ' എന്ന മണ്ഡല വികസന ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ഉന്നയിക്കുന്നത്. ഇതിൽ ജനങ്ങളും മാധ്യമപ്രവർത്തകരും അംഗങ്ങളാണ്. ചാറ്റുകൾ പരിശോധിക്കാമെന്നും ഇഡിയുടെ നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വീണ ഹവാല പണമാണെന്ന് സമ്മതിച്ചു എന്നത് ശുദ്ധ അസംബന്ധമാണ്. ഭാവി ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ള കാര്യങ്ങളെ റെഡ് ബുക്ക് എന്ന നിലയിൽ അവതരിപ്പിക്കുകയാണ്. റിയാസിന്റെയോ മറ്റുള്ളവരുടെയോ വീടുകളിൽ പരിശോധന നടത്തിയപ്പോഴും കള്ളപ്പണ ഇടപാട് എന്ന് ആരും പറഞ്ഞിട്ടില്ല. വീണയെ മൂന്ന് തവണ ചോദ്യം ചെയ്തപ്പോഴും ഹവാലയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

article-image

ADSxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed