ഇഷ്ടികകളുമായി ആയിരങ്ങൾ; ബംഗാളിൽ 'ബാബരി മസ്ജിദി'ന് തറക്കല്ലിട്ടു
ഷീബ വിജയ൯
കൊൽക്കത്ത: പശ്ചിമബംഗാളിൽ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ എം.എൽ.എ. ഹൂമയൂൺ കബീർ ബാബരി മസ്ജിദ് മാതൃകയിൽ നിർമിക്കുന്ന പള്ളിക്ക് തറക്കല്ലിട്ടു. ടി.എം.സി.യുടെയും ബി.ജെ.പി.യുടെയും എതിർപ്പ് മറികടന്നാണ് ഈ നീക്കം. കർശനമായ സുരക്ഷയ്ക്കിടയിൽ പുരോഹിതന്മാർക്കൊപ്പം നാടമുറിച്ചാണ് ഹുമയൂൺ കബീർ ചടങ്ങ് പൂർത്തിയാക്കിയത്. ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ ഇഷ്ടികകൾ വഹിച്ച് ഇവിടേക്ക് എത്തി. പരിപാടിയുടെ മുന്നോടിയായി ബെൽഡംഗലും പരിസര പ്രദേശങ്ങളും ഇന്ന് രാവിലെ മുതൽ അതീവ ജാഗ്രതയിലാണ്. കേന്ദ്ര സായുധ സേനയുടെ 19 ടീമുകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, നിരവധി ലോക്കൽ പോലീസ് ടീമുകൾ എന്നിവയുൾപ്പെടെ 3,000-ത്തിലധികം ഉദ്യോഗസ്ഥരെ ബെൽഡംഗയിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. മുർഷിദാബാദിലെ ബെൽദംഗയിൽ, ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാർഷികദിനമായ ഡിസംബർ ആറിനാണ് പള്ളിയുടെ ശിലാസ്ഥാപന ചടങ്ങ് നടന്നത്. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിൽ 60,000 പേർക്കുള്ള ബിരിയാണിയാണ് ഒരുക്കിയിരിക്കുന്നത്.
മുർഷിദാബാദിൽ ബാബരി മസ്ജിദ് മാതൃകയിൽ പള്ളി നിർമിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹൂമയൂൺ കബീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്. എന്നാൽ തീരുമാനമാനവുമായി അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു. പരിപാടിയിൽ ഏകദേശം മൂന്ന് ലക്ഷം ആളുകൾ ഒത്തുകൂടുമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും സൗദിയിൽ നിന്നുമുള്ള മതപണ്ഡിതർ പങ്കെടുക്കുമെന്നും ഹൂമയൂൺ കബീർ പ്രതികരിച്ചു. സൗദിയിൽ നിന്നുള്ള രണ്ട് ഖാസിമാർ ഡിസംബർ ആറിന് രാവിലെ കൊൽക്കത്ത വിമാനത്താവളത്തിലെത്തി അവിടെനിന്ന് പ്രത്യേക വാഹനവ്യൂഹത്തിൽ വേദിയിലേക്ക് വരുമെന്നും എം.എൽ.എ. വ്യക്തമാക്കി. ദേശീയപാത-12ന് സമീപം ഒരുക്കിയിരിക്കുന്ന വിശാലമായ വേദിയിലാണ് പരിപാടി നടക്കുന്നത്. മുർഷിദാബാദിൽ നിന്നുള്ള ഏഴ് പ്രമുഖ പാചകവിദഗ്ധരാണ് പരിപാടിക്ക് വരുന്നവർക്ക് വിളമ്പാനുള്ള ഷാഹി ബിരിയാണി തയാറാക്കുന്നത്. അതിഥികൾക്ക് മാത്രം വിതരണം ചെയ്യാൻ 40,000 പൊതി ബിരിയാണിയാണ് ഒരുക്കുന്നതെന്നും പ്രദേശവാസികൾക്കായി 20,000 പൊതികൾ കൂടി തയാറാക്കുന്നുണ്ടെന്നും 30 ലക്ഷം രൂപയാണ് പ്രതീക്ഷിത ഭക്ഷണച്ചെലവെന്നും എം.എൽ.എ.യുടെ സഹായികളിൽ ഒരാൾ പ്രതികരിച്ചു. 60-70 ലക്ഷം രൂപയാണ് വേദിയുടെ നിർമാണത്തിന് മാത്രം ചെലവ്. 150 അടി നീളവും 80 അടി വീതിയുമുള്ള വേദിയിൽ ഏകദേശം 400 അതിഥികൾക്ക് ഇരിക്കാം. സ്റ്റേജ് നിർമാണത്തിന് മാത്രം 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശന റോഡുകളിലെ ഗതാഗതം ക്രമീകരിക്കാനും ദേശീയപാതയിലെ തടസ്സങ്ങൾ ഒഴിവാക്കാനുമായി ഏകദേശം 3,000 വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. അതിൽ 2,000 പേരുടെ ജോലി വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ചു.
adscdsadas
