പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രം, നിർദേശം പിൻവലിക്കണം’; ഫോണുകളിലെ സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം
ഷീബ വിജയ൯
ന്യൂഡൽഹി: രാജ്യത്ത് പുതുതായി നിർമിക്കുന്ന ഫോണുകളിലും വിപണിയിലെത്തിച്ച സ്മാർട്ട് ഫോണുകളിലും ‘സഞ്ചാർ സാഥി’ സൈബർ സുരക്ഷാ ആപ്ലിക്കേഷൻ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. കേന്ദ്ര നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് മൂന്ന് മാസത്തിനകം നിർദേശം നടപ്പാക്കാനാണ് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്യാമായിരുന്ന ആപ്പ് ഇനി മുതൽ ഫോണുകളിൽ ഇൻബിൽറ്റ് ആയി ലഭിക്കും. ഉപയോഗിക്കുന്ന ഫോണുകളിൽ അപ്ഡേറ്റ് വഴിയായിരിക്കും ആപ്പ് എത്തുക. ടെലികോം സൈബർ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചുള്ള ഈ ഉത്തരവ് സ്വകാര്യതയുടെ ലംഘനമാണെന്ന് വ്യാപക വിമർശനമുണ്ട്.
കേന്ദ്ര സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. സ്വകാര്യതക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആപ്പ് ഡിലീറ്റ് ചെയ്യാനാകില്ലെന്നും ഇത് ഓരോ പൗരനെയും നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ബിഗ് ബോസിൻ്റെ മറ്റൊരു നിരീക്ഷണ തന്ത്രമാണെന്ന് ശിവസേനയുടെ രാജ്യസഭ എം.പി. പ്രിയങ്ക ചതുർവേദി ആരോപിച്ചു. സർക്കാർ ആപ്പുകളോ മൂന്നാം കക്ഷി ആപ്പുകളോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടുള്ള ആപ്പിൾ പുതിയ നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
സൈബർ-ഫോൺ തട്ടിപ്പുകൾ തടയാനും നഷ്ടപ്പെട്ട ഫോൺ കണ്ടുപിടിക്കാനും സംശയകരമായ കോളുകളും സന്ദേശങ്ങളും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും ആപ്പ് സഹായിക്കും. ജനുവരിയിൽ ആരംഭിച്ച ഈ ആപ് വഴി നഷ്ടപ്പെട്ട 37.28 ലക്ഷം ഫോണുകളുടെ ഉപയോഗം തടയാനും 22.76 ലക്ഷം ഫോൺ വീണ്ടെടുക്കാനും കഴിഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.
eafsdefdsfds
