എട്ടുമുക്കാലട്ടി എന്നത് നാടൻപ്രയോഗം; നജീബ് കാന്തപുരത്തെ ഉദ്ദേശിച്ചില്ല ; ന്യായീകരിച്ച് മുഖ്യമന്ത്രി


ഷീബ വിജയൻ 

ന്യൂഡൽഹി I എട്ടുമുക്കാലട്ടി എന്നത് നാടൻ പ്രയോഗമാണെന്നും താൻ ഉദ്ദേശിച്ചത് നജീബ് കാന്തപുരത്തെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എട്ടുമുക്കാലട്ടി എന്നത് നാടൻ പ്രയോഗമാണ്. കാറ്റുവന്നാൽ വീണുപോകും എന്നാണർഥം. വാച്ച് ആൻഡ് വാർഡിനെ ഒരാൾ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയിൽ അത് പറഞ്ഞത്. നല്ല ആരോഗ്യമുള്ള ഒരാളാണ് ആദ്യമത് ചെയ്യുന്നത്. പിന്നെ ആരോഗ്യം തീരെ ഇല്ലാത്ത ഒരാളും അതു ചെയ്യുന്നു. അയാൾ ഒരു ഊതിന് വീഴുന്ന ആളാ. നിയമസഭയിലെ പരിരക്ഷയുള്ളതുകൊണ്ടാണ് അയാൾ അത്തരത്തിൽ ആക്രമിക്കാൻ പോയത്. നജീബ് കാന്തപുരത്തെയാണ് പറഞ്ഞതെന്ന് നിങ്ങളിൽ ചിലർ പറഞ്ഞു. എന്നാൽ നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ളയാളല്ലേ. അയാൾക്ക് ഉയരക്കുറവുണ്ടെങ്കിലും നല്ല ആരോഗ്യമുണ്ട്. ആരോഗ്യമില്ലാത്ത ഒരാളെയാണ് ഞാനുദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ചർച്ച‍യിലെ ബഹളത്തിനിടെയാണ് പ്രതിപക്ഷാംഗത്തിന്‍റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ചത്. പിന്നാലെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. ഉയരം കുറഞ്ഞ ആളുകളെ മുഖ്യമന്ത്രിക്ക് പുച്ഛമാണോയെന്നും ഇവർ ഏത് കാലത്താണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ദേഷ്യം. ഇത് ബോഡി ഷെയ്മിങാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു. പിന്നാലെ, സഭാ രേഖകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ക്ക് കത്ത് നൽകി. മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനം കടുക്കുകയാണ്. പുതുതായി നിയമ സഭയിലെടുക്കേണ്ടവരുടെ അളവു കോല് കൂടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു.

article-image

SXSZDSDS

You might also like

  • Straight Forward

Most Viewed